ഈ മാസം 23 ന് മുന്നറിയിപ്പ് നൽകിയിരുന്നു. സുരക്ഷാ ക്രമീകരണം ഒരുക്കുന്നതിൽ ഉണ്ടായ കാലതാമസമാണ് ദുരന്തവ്യാപ്തിക്ക് കാരണം; അമിത് ഷാ

ഈ മാസം 23 ന് മുന്നറിയിപ്പ് നൽകിയിരുന്നു. സുരക്ഷാ ക്രമീകരണം ഒരുക്കുന്നതിൽ ഉണ്ടായ കാലതാമസമാണ് ദുരന്തവ്യാപ്തിക്ക് കാരണം; അമിത് ഷാ

ഡൽഹി: സുരക്ഷാ ക്രമീകരണം ഒരുക്കുന്നതിൽ ഉണ്ടായ കാലതാമസമാണ് ദുരന്തവ്യാപ്തിക്ക് കാരണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ഉരുൾ‌പൊട്ടൽ സംബന്ധിച്ച് കേരള സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതായി അമിത്ഷാ പറഞ്ഞു. ഈ മാസം 23 ന് മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈ 23ന് ഒമ്പത് എൻഡിആർഎഫ് സംഘത്തെ മേഖലയിലേക്ക് അയച്ചിരുന്നു. ഉരുൾപൊട്ടൽ മേഖലയിൽ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് എന്തുകൊണ്ട് മാറ്റിയില്ല. കേരള സർക്കാർ എന്ത് ചെയ്തു എന്നും അമിത് ഷാ ചോദിച്ചു.

വയനാട് ദുരന്തത്തെ ചൊല്ലി ലോക്‌സഭയിൽ ബഹളം ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ഇത്തരത്തിൽ നിരവധി അപകടങ്ങൾ നടക്കുന്നുവെന്ന് ബിജെപി അംഗം തേജസ്വി സൂര്യ വിമർശിച്ചു. പശ്ചിമ ഘട്ടത്തിലെ അനധികൃത നിർമാണങ്ങൾ ആണ് അപകടങ്ങൾക്ക് കാരണം. ഇതിന് ശാശ്വത പരിഹാരം കാണാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും തേജസ്വി സൂര്യ ആരോപിച്ചു. അപകടത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് കെ സി വേണുഗോപാൽ മറുപടി പറഞ്ഞു. ഇപ്പോൾ രക്ഷാ പ്രവർത്തനത്തിന്റെ സമയം ആണ്. ഈ സാഹചര്യത്തിൽ രാഷ്ട്രീയം പറയുകയല്ല വേണ്ടത്. ക്ഷീരമുള്ളോരു അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം എന്നും കെ സി വേണുഗോപാൽ മറുപടിയായി പറഞ്ഞു.

വയനാട് ഉരുൾ പൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ രാധാകൃഷ്ണൻ എം പി ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. കേരളത്തിന് 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇന്നലെ രാജ്യസഭയിലും എംപിമാർ വിഷയം ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യസഭയിൽ സിപിഐഎം ഉപനേതാവ് ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, എ എ റഹിം, പി സന്തോഷ് കുമാർ, ജോസ് കെ മാണി തുടങ്ങിയവരാണ് വിഷയം ഉന്നയിച്ചത്. അടിയന്തര ചർച്ച ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് സഭാധ്യക്ഷൻ ജഗ്ദീപ് ധൻഖർ നിരാകരിക്കുകയായിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )