വയനാട്ടിൽ തെരച്ചിൽ അവസാനിപ്പിക്കുന്നു; 119 പേർ ഇന്നും കാണാമറയത്ത്
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ അവസാനിപ്പിക്കുന്നു. 119 പേരെയാണ് നിലവിൽ കണ്ടെത്താനുള്ളത്. തെരച്ചിൽ സംഘത്തിൽ ആളുകളെ വെട്ടിക്കുറച്ചത് വിമർശനത്തിന് വഴി വച്ചിരുന്നു.
വയനാട്ടിൽ ഇപ്പോഴും ഇടവിട്ട് മഴ പെയ്യുന്നതിനാൽ ജാഗ്രത തുടരുന്നുണ്ട്. അതേസമയം ക്യാമ്പുകളിൽ 97 കുടുംബങ്ങൾ തുടരുകയാണ്. ഇതുവരെ 630 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്.
തെരച്ചിലിന്റെയും രക്ഷാപ്രവർത്തനത്തിന്റെയും ചുമതലയുണ്ടായിരുന്ന നോഡൽ ഓഫീസർ വിഷ്ണുരാജ് മടങ്ങിയിട്ട് ഒരാഴ്ചയായി. സന്നദ്ധ പ്രവർത്തകർക്ക് ഭക്ഷണം ഒരുക്കിയിരുന്ന കമ്മ്യൂണിറ്റി കിച്ചനും പൂട്ടിയിട്ട് ആഴ്ച ഒന്നാകുന്നു. ദുരന്തമുഖത്ത് ഇപ്പോഴും ബാക്കിയുള്ള സേനാ വിഭാഗങ്ങൾക്ക് ഹോട്ടലിൽ നിന്നാണ് ഭക്ഷണം എത്തിക്കുന്നത്.
രണ്ടുദിവസം കൂടിയെ ഭക്ഷണം വേണ്ടിവരൂ എന്നാണ് അവർക്ക് കിട്ടിയ അറിയിപ്പ്. എന്നാൽ എൻഡിആർഎഫിന് റിലീവിങ് ഓർഡർ നൽകിയിട്ടുമില്ല. ഡിഎൻഎഫലങ്ങൾ കിട്ടിത്തുടങ്ങി എന്ന് പലതവണ മന്ത്രിസഭാ ഉപസമിതി അംഗങ്ങൾ പറഞ്ഞിരുന്നുവെങ്കിലും, മൃതദേഹം തിരിച്ചറിഞ്ഞതായി വ്യക്തമാക്കിയിട്ടില്ല.
ബന്ധുക്കളുടെ സാമ്പിളുമായി ഒത്തു നോക്കിയുള്ള ഫലം വൈകുന്നു. കൂടുതൽ മൃതദേഹമോ ശരീരഭാഗങ്ങളോ കിട്ടിയ ചാലിയാർ തീരം, സൂചിപ്പാറ വനമേഖല എന്നിവിടങ്ങളിലും തെരച്ചിൽ നിർത്തി.
എന്നാൽ തിരച്ചിൽ നിർത്തിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുമില്ല. ചൂരൽ മലയിലെ വ്യാപാരസ്ഥാപനങ്ങൾ വൃത്തിയാക്കുന്നതാണ് ഇപ്പോൾ സജീവമായി നടക്കുന്നത്. അവർക്കുള്ള ഭക്ഷണം അടക്കം ഒരുക്കുന്നത് വ്യാപാരികൾ.
ആദ്യത്തെ രണ്ടാഴ്ച സജീവമായിരുന്ന മന്ത്രിസഭ ഉപസമിതിയിലെ അംഗങ്ങൾ ഓഗസ്റ്റ് 15ന് ശേഷം ജില്ലയിലെ ദുരന്തബാധിത പ്രദേശത്ത് എത്തിയിട്ടും ഇല്ല. താൽക്കാലിക പുനരധിവാസം ഇനിയും പൂർത്തിയാക്കാൻ ഉണ്ട്. സ്കൂളുകൾ തുറക്കാനും വൈകുന്നു. തീർപ്പും വേണ്ട ഒരുപാട് വിഷയങ്ങൾ അനന്തമായി നീളുകയാണ്.