മാന്നാർ കല കൊലക്കേസ്; അറസ്റ്റിലായ പ്രതികളുടെ മൊഴികളിൽ വൈരുദ്ധ്യം
ആലപ്പുഴ: മാന്നാർ കല കൊലപാതക കേസിൽ മുഖ്യപ്രതി അനിൽകുമാറിനെ നാട്ടിലെത്തിക്കുന്നത് വേഗത്തിലാക്കാൻ പൊലീസ്. ആദ്യം അറസ്റ്റിലായ പ്രതികളുടെ കസ്റ്റഡി കാലാവധി തീരുന്നതിന് മുമ്പ് അനിലിനെ എത്തിക്കാനാണ് പൊലീസിന്‍റെ നീക്കം. നിലവിൽ കസ്റ്റഡിയിലുള്ള പ്രതികളുടെ മൊഴികളിൽ വൈരുദ്ധ്യം തുടരുകയാണ്.
കൊലപാതകം നടന്ന തീയതി ഉറപ്പിക്കാനോ ആയുധം എവിടെയെന്ന് കണ്ടെത്താനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മൃതദേഹം കൊണ്ടുപോയി എന്ന് പറയപ്പെടുന്ന മാരുതി കാർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 15 വർഷം മുമ്പുള്ള കാർ എവിടെ എന്നതിൽ യാതൊരു സൂചനയും നിലവിലില്ല.
സെപ്റ്റിക് ടാങ്കിൽ നിന്നും കിട്ടിയ സാമ്പിളികളുടെ ശാസ്ത്രീയ പരിശോധന ഫലം കാത്തിരിക്കുകയാണ് പൊലീസ്. ഈ പരിശോധനാഫലം പരിശോധന ഫലം കിട്ടിയതിനുശേഷം മാത്രമായിരിക്കും മൃതദേഹം കലയുടേതാണെന്ന് ഉറപ്പിക്കാൻ കഴിയുക.
കേസിൽ നാല് പ്രതികളെന്ന് പൊലീസിന്‍റെ കണ്ടെത്തൽ. ഭർത്താവ് അനിലാണ് കേസിലെ ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവർ നാല് പേരും ചേർന്ന് കലയെ കാറിൽവെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്‍റെ നിഗമനം.