കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് അഴിച്ചുമാറ്റി

 കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് അഴിച്ചുമാറ്റി

ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് അധികൃതര്‍ അഴിച്ചുമാറ്റി. പക്ഷേ ശക്തമായ തിരമാലയില്‍ ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജ് തകര്‍ന്ന ശേഷമാണ് അഴിച്ചുമാറ്റിയതെന്ന് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നിട്ടില്ലെന്നും അഴിച്ചുമാറ്റിയതാണെന്നും ഡിടിപിസി സെക്രട്ടറി ജിജേഷ് കുമാര്‍ പറഞ്ഞു. കടല്‍ക്ഷോഭ മുന്നറിയിപ്പ് കിട്ടിയ ഉടന്‍ തന്നെ അഴിച്ചുമാറ്റാനുള്ള നടപടി സ്വീകരിച്ചെന്നും ഡിടിപിസി സെക്രട്ടറി അറിയിച്ചു.

മാര്‍ച്ച് ആദ്യവാരം തിരുവന്തപുരം വര്‍ക്കല ബീച്ചിലെ ഫ്‌ലോട്ടിങ് ബ്രിഡ്ജിലുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് അപകടത്തില്‍ പരിക്കറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമായിരുന്നു. ശക്തമായ തിരയില്‍ പെട്ട് ഫ്‌ലോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകരുകയായിരുന്നു. തിരമാല വീണ്ടും അടിച്ചതോടെ ഫ്‌ലോട്ടിങ് ബ്രിഡ്ജിലുണ്ടായിരുന്നവര്‍ കടലിലേക്ക് പതിച്ചു.

ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയില്‍ പെട്ടതോട കടലില്‍ വീണവര്‍ക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല. സുരക്ഷാ ജീവനക്കാര്‍ ഉടന്‍ തന്നെ കടലില്‍ വീണവരെ പുറത്തെത്തിക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ സഞ്ചാരികള്‍ അപകടമുണ്ടായപ്പോള്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജിലുണ്ടായിരുന്നു. ഇതാദ്യമായല്ല ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് അപകടത്തില്‍പ്പെടുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )