എട്ട് വർഷത്തിനിടെ 54 ലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്തു; അങ്ങനെ ഡിവൈഎഫ്‌ഐ എന്ന നാലക്ഷരം നാടിന്റെ സ്‌നേഹമായി മാറി; ചിന്താ ജെറോം
കൊല്ലം: എട്ട് വർഷത്തിനിടെ ഡിവൈഎഫ്‌ഐക്കാർ 54 ലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്തതായി ചിന്ത ജെറോം. പൊതിച്ചോർ വിതരണം ചെയ്ത് ഡി വൈ എഫ് ഐ എന്ന നാലക്ഷരം നാടിന്റെ സ്‌നേഹമായി മാറിയെന്നും ചിന്താ ജെറോം പറഞ്ഞു. ഡി വൈ എഫ് ഐയുടെ പൊതിച്ചോർ വിതരണ പദ്ധതിയായ ഹൃദയസ്പർശത്തിന്റെ എട്ടാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചിന്ത.
2555 ദിവസങ്ങൾ കൊണ്ട് 54 ലക്ഷം പൊതിച്ചോറുകളാണ് ഡിവൈഎഫ്‌ഐ വിതരണം ചെയ്തത്. ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറുകൾ ഡിവൈഎഫ്‌ഐ വിതരണം ചെയ്യുന്നു. കഴിഞ്ഞ ഏഴ് വർഷമായി ഡിവൈഎഫ്‌ഐ മുടക്കമില്ലാതെ ഇത് തുടരുന്നു. പ്രതിദിനം രണ്ടായിരം പൊതിച്ചോറുകളാണ് സംഘടന വിതരണം ചെയ്യുന്നത്. പൊതിച്ചോറുകൾ വിതരണം ചെയ്ത് ഡി വൈ എഫ് ഐ എന്ന നാലക്ഷരം ഈ നാടിൻറെ സ്‌നേഹമായി മാറിയെന്ന് ചിന്ത ജെറോം വ്യക്തമാക്കി.
ജില്ലാ ആശുപത്രിയിലേക്ക് പൊതിച്ചോർ എന്ന ആവശ്യവുമായി ഡി വൈ എഫ് ഐ പ്രവർത്തകർ വീടുകളിൽ എത്തുമ്പോൾ, യാതൊരു മടിയും കൂടാതെ തയ്യാറാക്കിവച്ചിരിക്കുന്ന പൊതിച്ചോറുകൾ നമുക്ക് നൽകും. കുടുംബാംഗങ്ങൾ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാറില്ല. ഡി വൈ എഫ് ഐയുടെ മാതൃകാപരമായ സന്നദ്ധ പ്രവർത്തനത്തിൻറെ ഏറ്റവും മികച്ച അടയാളപ്പെടുത്തലായി പൊതിച്ചോർ വിതരണം മാറി.
എതിർ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കന്മാർ പോലും ഡി വൈ എഫ് ഐയുടെ പൊതിച്ചോർ വിതരണത്തെ പ്രശംസിക്കാറുണ്ട്. ഡിവൈഎഫ്‌ഐയെ കണ്ടുപഠിക്കാൻ അവരുടെ യുവജന പ്രവർത്തകരോട് പറയാറുമുണ്ട്. വിനയത്തോടെ ഡിവൈഎഫ്‌ഐ ഈ സ്‌നേഹം ഏറ്റുവാങ്ങുകയാണെന്നും ചിന്ത ജെറോം കൂട്ടിച്ചേർത്തു.