തെലുങ്ക് സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി

തെലുങ്ക് സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി

ഹൈദരാബാദ്: തെലുങ്ക് സിനിമയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. അഭിനേതാക്കളും സംവിധായകരും നിര്‍മാതാക്കളുമടങ്ങുന്ന തെലുങ്ക് സിനിമാ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിരിക്കുന്നത്.

‘സിനിമാ മേഖലയിലുള്ളവര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും യോഗത്തില്‍ സംശയങ്ങളും തെറ്റിദ്ധാരണകളും ആശയങ്ങളും പങ്കുവെക്കുകയും ചെയ്തു’ കൂടിക്കാഴ്ചയ്ക്ക് ശേഷം രേവന്ത് റെഡ്ഡി പ്രതികരിച്ചു.നടപടികള്‍ തെലങ്കാന സര്‍ക്കാര്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. തെലുങ്ക് സിനിമാ വ്യവസായത്തിന്റെ സുസ്ഥിരമായ വികസനം ഉറപ്പാക്കാനും അവര്‍ക്ക് ഒരു പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി സൃഷ്ടിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായും രേവന്ത് റെഡ്ഡി വ്യക്തമാക്കി.

സര്‍ക്കാരും സിനിമാമേഖലയും തമ്മിലുള്ള ഏകോപനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് ദില്‍ രാജുവിനെ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (എഫ്ഡിസി) ചെയര്‍മാനായി നിയമിക്കുകയും ചെയ്തത്.

മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി സിനിമാ രംഗത്തും ഒരു കമ്മിറ്റി വരും. ഇവരുമായി ചേര്‍ന്നായിരിക്കും മന്ത്രിസഭാ ഉപസമിതിയുടെ പ്രവര്‍ത്തനം. സംസ്ഥാനത്ത് ഇക്കോ ടൂറിസവും ടെമ്പിള്‍ ടൂറിസവും പ്രോത്സാഹിപ്പിക്കണമെന്ന് സിനിമാ മേഖലയിലുള്ളവരോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ‘അവിടെയുള്ള അനുകൂല സാഹചര്യങ്ങള്‍ കാരണം മുംബൈ ബോളിവുഡിന്റെ കേന്ദ്രമായി മാറി. എല്ലാ കോസ്മോപൊളിറ്റന്‍ നഗരങ്ങളിലും ഏറ്റവും മികച്ച നഗരമാണ് ഹൈദരാബാദ്. അതുകൊണ്ട് തന്നെ അതിന്റെ സാധ്യതകളും മികച്ചതാണ്’ രേവന്ത് റെഡ്ഡി ഓര്‍മിപ്പിച്ചു.

ബോളിവുഡിനെയും ഹോളിവുഡിനെയും ഹൈദരാബാദിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളും മുഖ്യമന്ത്രി വെളിപ്പെടുത്തി. ആഗോള ചലച്ചിത്ര വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രധാന കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കാനുള്ള പദ്ധതികള്‍ നടന്നുവരികയാണ്. സിനിമാ വ്യവസായത്തെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )