തന്റെ അറിവോ സമ്മതമോ കൂടാതെ ആഞ്ജലീന ജോളി അവരുടെ ഷെയറുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ബ്രാഡ് പിറ്റ്, ബ്രാഡ് പിറ്റ് തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് അഞ്ജലീന ജോളിയും; കേസ് തീര്‍പ്പാകാതെ തുടരുന്നു
ലോകമൊട്ടാകെ ഫാന്‍സുള്ള സിനിമാ താരങ്ങളാണ് ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും. ഇരുവരും വിവാഹമോചിതരായെങ്കിലും നിയമപോരാട്ടം അവസാനിക്കുന്നില്ല. ഇരുവരുടെയും ഉടമസ്ഥതയിലുള്ള ഫ്രഞ്ച് വൈന്‍യാര്‍ഡിന്റെ അവകാശത്തെ സംബന്ധിച്ച തര്‍ക്കം ഒരുപാട് കാലങ്ങളായി കോടതിയുടെ പരിഗണനയിലായിരുന്നു. തന്റെ അറിവോ സമ്മതമോ കൂടാതെ ആഞ്ജലീന ജോളി അവരുടെ ഷെയറുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ബ്രാഡ് പിറ്റ് കേസ് ഫയല്‍ ചെയ്തത്. ആഞ്ജലീന ജോളിയുടെ നീക്കം കരാറിന് വിരുദ്ധമാണെന്ന് കണ്ടെത്തിയ കോടതി വില്‍പ്പന റദ്ദാക്കുകയായിരുന്നു.
ബ്രാഡ് പിറ്റ് ആഞ്ജലീനയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് നടിയുടെ അഭിഭാഷകര്‍ ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ച പുതിയ രേഖകളില്‍ പറയുന്നത്. 2016 ല്‍ സ്വകാര്യ ജെറ്റില്‍ യാത്ര ചെയ്യുന്നതിനിടെ മക്കളെ അടിച്ചെന്നും ചീത്ത പറഞ്ഞെന്നും ആരോപിച്ച് ആഞ്ജലീന ബ്രാഡ് പിറ്റിനെതിരേ കേസ് നല്‍കിയിരുന്നു. ഈ സംഭവത്തിന് ശേഷമാണ് താന്‍ ബ്രാഡ് പിറ്റുമായി വേര്‍പിരിഞ്ഞതെന്നും ആഞ്ജലീന പറഞ്ഞു. എന്നാല്‍ ഈ കേസില്‍ നടന്‍ കുറ്റക്കാരനല്ലെന്നാണ് കോടതി വിധിച്ചത്. ബ്രാഡ് പിറ്റ് തെറ്റുചെയ്തെന്ന് തെളിയിക്കാന്‍ ആഞ്ജലീനയുടെ അഭിഭാഷകര്‍ക്കായില്ല. ലോസ് ആഞ്ജലീസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ചില്‍ഡ്രന്‍ ആന്റ് ഫാമിലി സര്‍വീസിലായിരുന്നു കേസിന്റെ വിചാരണം നടന്നത്. അതേസമയം, 2016 ന് മുന്‍പ് തന്നെ ബ്രാഡ് പിറ്റ് തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് ആഞ്ജലീനയുടെ പുതിയ ആരോപണം. ബ്രാഡ് പിറ്റിന്റെ പെരുമാറ്റം അക്രമാസക്തവും വിചിത്രവുമായിരുന്നുവെന്നും പുതുതായി സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.
ബ്രാഡ് പിറ്റിനെതിരേ ആഞ്ജലീന നല്‍കുന്ന കേസുകളെല്ലാം വ്യാജമാണെന്നാണ് നടന്റെ അഭിഭാഷക സംഘം പറയുന്നത്. വൈന്‍യാര്‍ഡ് കേസിലടക്കം ബ്രാഡ് പിറ്റിന് അനുകൂലമായ വിധി വന്നതോടെ അതില്‍ നിന്നെല്ലാം പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ആഞ്ജലീനയുടെഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും അവര്‍ ആരോപിച്ചു.
ഒരു കാലത്ത് ഹോളിവുഡില്‍ ഏറ്റവും ശ്രദ്ധനേടിയ പ്രണയജോടികളായിരുന്നു ആഞ്ജലീനയും ബ്രാഡ് പിറ്റും. മിസ്റ്റര്‍ ആന്റ് മിസിസ് സ്മിത്ത് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഒന്‍പത് വര്‍ഷത്തെ നീണ്ട പ്രണയത്തിന് ശേഷം 2014 ലാണ് ഇരുവരും വിവാഹിതരാകുന്നത്. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന താരദമ്പതികള്‍ക്ക് ആറ് കുട്ടികളാണുള്ളത്. ഇതില്‍ മൂന്നു കുട്ടികളെ വിയറ്റ്നാം, കംബോഡിയ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്ന് ദത്തെടുത്തതാണ്.
വിവാഹബന്ധം അവസാനിപ്പിച്ചതിനുശേഷം ബ്രാഡ് പിറ്റും ആഞ്ജലീനയും കുഞ്ഞുങ്ങളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ആഞ്ജലീന ആദ്യമായി ബ്രാഡ് പിറ്റിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയത്. കുട്ടികളുടെ സംരക്ഷണം ആഞ്ജലീനയ്ക്ക് വിട്ടുനല്‍കാനായിരുന്നു കോടതിയുടെ വിധി. കുട്ടികളെ കാണാനുള്ള അവകാശം ബ്രാഡ് പിറ്റിന് നല്‍കുകയും ചെയ്തു.