വിവാദ പൂരം റിപ്പോര്‍ട്ട് എഡിജിപി അജിത് കുമാര്‍ ഉടന്‍ ഡിജിപിക്ക് കൈമാറും

വിവാദ പൂരം റിപ്പോര്‍ട്ട് എഡിജിപി അജിത് കുമാര്‍ ഉടന്‍ ഡിജിപിക്ക് കൈമാറും

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് എഡിജിപി എം ആര്‍ അജിത് കുമാര്‍ ഉടന്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹബിന് കൈമാറും. ഒരാഴ്ചയ്ക്കകം നല്‍കേണ്ട റിപ്പോര്‍ട്ടാണ് അഞ്ച് മാസത്തിന് ശേഷം കൈമാറുന്നത്. തൃശൂര്‍ പൂരം കലക്കാന്‍ ചിലര്‍ ഇടപെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു.

പൂരം കലക്കലുമായി ബന്ധപ്പെട്ട് നാല് പരാതികള്‍ മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചിരുന്നു. ഇത് പിന്നീട് ഡിജിപിക്ക് കൈമാറി. പരാതിയിന്മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപി നിര്‍ദേശം നല്‍കുകയായിരുന്നു. ഈ റിപ്പോര്‍ട്ടാണ് ഇന്ന് ഡിജിപിക്ക് കൈമാറുന്നത്.

എം ആര്‍ അജിത് കുമാര്‍ തൃശൂരിലുള്ളപ്പോഴായിരുന്നു പൂരം അലങ്കോലപ്പെടുന്നത്. തൃശൂര്‍ പൂരം അലങ്കോലപ്പെടാനുള്ള കാരണം ചൂണ്ടിക്കാട്ടി തൃശൂര്‍ കമ്മീഷണറായിരുന്ന അങ്കിത് അശോകിനെ സ്ഥലം മാറ്റി. പൂര്‍ണ ഉത്തരവാദിത്വം കമ്മീഷണറില്‍ മാത്രം ഒതുക്കിയോ എന്ന കാര്യം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ അറിയൂ.

അതിനിടെ പൂരം കലക്കലുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നില്ലെന്ന വിവരാവകാശ മറുപടിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും എന്‍ ആര്‍ ഐ സെല്‍ ഡിവൈഎസ്പിയുമായ എം എസ് സന്തോഷിനെതിരെയാണ് നടപടി. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോ എന്നായിരുന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യം. അതില്‍ അന്വേഷണം നടക്കുന്നില്ല എന്നായിരുന്നു മറുപടി. എന്നാല്‍ ഈ അവസരത്തില്‍ എഡിജിപി തലത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടായിരുന്നു. ഈ വിവരം മറച്ചുവെച്ചതിനാണ് നടപടി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )