തൃശൂര്‍ പൂരം നടത്തുന്നതിന് പുതിയ രീതിയുണ്ടാകും, കൊച്ചി മെട്രോ നീട്ടാന്‍ ശ്രമം നടത്തും; സുരേഷ് ഗോപി
തൃശൂര്‍: കേരളത്തിനും തമിഴ്‌നാടിനും ഒരുപോലെ കാര്യങ്ങള്‍ ചെയ്യുന്ന എംപിയായി മാറാന്‍ ശ്രമിക്കുമെന്ന് തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. നിലവിലെ കലക്ടറെയും കമ്മിഷണറെയും നിലനിര്‍ത്തി തൃശൂര്‍ പൂര നടത്തിപ്പ് രീതികള്‍ പരിഷ്‌ക്കരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കൊച്ചി മെട്രോ നീട്ടാന്‍ ശ്രമം നടത്തും. അതിനു പഠനം നടത്തേണ്ടതുണ്ട്. കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാനായി കുറേ നാളായി ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
തൃശൂര്‍ പൂരം നടത്തുന്നതിന് പുതിയ രീതിയുണ്ടാകും. അത് നേരത്തെ പറഞ്ഞതാണ്. തൃശൂര്‍ കമ്മിഷണറെയും കലക്ടറെയും ഒരു കാരണവശാലും മാറ്റാന്‍ അനുവദിക്കരുത്. അവരുടെ സാന്നിധ്യത്തില്‍ പൂരം ശുദ്ധീകരിക്കും. ഇന്നലെ ഇക്കാര്യങ്ങള്‍ കലക്ടറുമായി സംസാരിച്ചു. കേരളത്തിനായി പദ്ധതികള്‍ കൊണ്ടുവരാന്‍ ശ്രമിക്കും. തൃശൂരിലെ തിരക്ക് ഒഴിവാക്കാന്‍ പുതിയ റോഡ് പദ്ധതി ആവിഷ്‌ക്കരിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.