നാടുമായി ബന്ധമില്ലാതിരുന്നത് തോൽവിക്ക് കാരണമായി; അനിൽ ആന്റണിക്കെതിരെ പി സി ജോർജ്
തിരുവനന്തപുരം: ബിജെപി സ്ഥാനാർഥിയായിരുന്ന അനിൽ ആന്റണിക്ക് പത്തനംതിട്ടയുമായി ബന്ധം ഇല്ലാതിരുന്നത് തോൽവിക്ക് കാരണമായെന്ന് ബിജെപി നേതാവും പൂഞ്ഞാർ മുൻ എംഎൽഎയുമായ പി.സി.ജോർജ്. അനിലിന് വോട്ടുപിടിക്കാൻ വളരെയധികം ബുദ്ധിമുട്ടിയെന്നും പി.സി ജോർജ് പറഞ്ഞു. അനിലിനെപോലെ ആരുമായും ബന്ധമില്ലാത്ത ആളെ സ്ഥാനാർഥിയാക്കിയാൽ വിജയിക്കാനാകില്ല. കോൺഗ്രസ് നേതാവ് എ.കെ.ആന്റണി മകനെ തള്ളിപ്പറഞ്ഞതും പേരുദോഷമായി. ജയിക്കാവുന്ന സീറ്റ് അനിൽ നശിപ്പിച്ചെന്നും പി.സി.ജോർജ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
‘സ്ഥാനാർഥിയെ നിശ്ചയിക്കുമ്പോൾ വളരെയേറെ ചിന്തിക്കാനുണ്ട്. നാടുമായി ബന്ധമുള്ള ആളിനെയോ, നാട്ടിൽ അറിയപ്പെടുന്നവരെയോ, സംസ്ഥാനതലത്തിൽ അറിയപ്പെടുന്നവരെയോ ആണ് സ്ഥാനാർഥിയാക്കേണ്ടത്. എങ്കിലേ ഒരു നിലയും വിലയുമുണ്ടാകൂ. ജനങ്ങൾക്ക് അത്തരക്കാരോട് ആഭിമുഖ്യം ഉണ്ടാകും. അല്ലെങ്കിൽ സ്വന്തം പാർട്ടിക്കു വോട്ട് ഉണ്ടാകണം. സിപിഎമ്മിന് സ്വന്തം നിലയ്ക്ക് വോട്ട് ഉണ്ട്. ആരെ നിർത്തിയാലും പലയിടങ്ങളിലും ജയിക്കാനാകും. ബിജെപി പതുക്കെ വളർന്നു വരുന്ന പാർട്ടിയാണ്. ബിജെപിക്ക് നല്ല ഭാവിയുണ്ട്. കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനും കഴിഞ്ഞു. ഇന്ത്യയുടെ രക്ഷ ബിജെപിയിലാണ്. ആ പാർട്ടി ഇതുപോലെ ആരുമായും ബന്ധമില്ലാത്ത ആളെ സ്ഥാനാർഥിയാക്കിയാൽ വിജയിക്കാനാകില്ല.
അനിലിന് വോട്ടു പിടിക്കാൻ വളരെയധികം ബുദ്ധിമുട്ടി. പൂഞ്ഞാർ പഞ്ചായത്തിൽ അനിൽ ലീഡ് ചെയ്തു. പൂഞ്ഞാർ മണ്ഡലത്തിലെ ചില പഞ്ചായത്തുകളിൽ രണ്ടാം സ്ഥാനത്തെത്തി. മുണ്ടക്കയം മേഖലയിൽ തകർച്ചയുണ്ടായി. കാരണം അവർക്ക് അനിലിനെ അറിയില്ല. ഞാൻ പലരോടും വ്യക്തിപരമായി ഫോണിൽ വിളിച്ച് വോട്ട് അഭ്യർഥിച്ചാണ് ഇത്രയും ഭൂരിപക്ഷം ഉണ്ടാക്കിയത്. ഇനിയെങ്കിലും സ്ഥാനാർഥികളെ നിർത്തുമ്പോൾ പാർട്ടി ശ്രദ്ധിക്കണം. ജനങ്ങളുമായി ബന്ധം വേണം.
അനിൽ നല്ല ചെറുപ്പക്കാരനാണ്. പക്ഷേ, അനിലിന് കേരളവുമായി ഒരു ബന്ധവുമില്ല. എ.കെ.ആന്റണിയുടെ മകനെന്നേയുള്ളൂ. ആന്റണി തന്നെ മകനെ തള്ളിപ്പറഞ്ഞു. അതും പേരുദോഷമായി. ജയിക്കാവുന്ന സീറ്റ് നശിപ്പിച്ചു. ഭാവിയുള്ള ചെറുപ്പക്കാരനായിരുന്നു. പത്തനംതിട്ടയിൽ പാർലമെന്റിൽ മത്സരിച്ച് ഭാവി നശിപ്പിക്കരുതായിരുന്നു – പി.സി.ജോർജ് പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് പത്തനംതിട്ട സീറ്റ് ചോദിച്ചിരുന്നുവെന്ന പ്രചാരണം പി.സി. ജോർജ് നിഷേധിച്ചു. ഇക്കാര്യം ആരോടു വേണമെങ്കിലും ചോദിക്കാമെന്നും അദ്ദേഹം പറഞ്ഞു. 7 നിയോജക മണ്ഡലം ഭാരവാഹികളും മത്സരിക്കണമെന്ന് അഭിപ്രായപ്പെട്ടെങ്കിലും ഞാൻ ഇടപെട്ടിട്ടില്ല എന്നായിരുന്നു മറുപടി.
പത്തനംതിട്ടയിൽ കഴിഞ്ഞ തവണ ബിജെപിക്ക് വോട്ടുകൂടിയത് ശബരിമല വിഷയം കാരണമാണ്. ഇപ്പോൾ ആ വിഷയമില്ല. കേന്ദ്രത്തിൽ സീറ്റ് കുറഞ്ഞത് നന്നായി. ഇനിയെങ്കിലും പാഠം പഠിച്ച് മുന്നോട്ടു പോകാൻ കഴിയും. ക്രിസ്ത്യൻ–ഹിന്ദു സമൂഹം ഒന്നിക്കണമെന്നും അഭിമാനമുണ്ടെങ്കിൽ പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ലെന്നും പി.സി.ജോർജ് പറഞ്ഞു.