‘ജയിലിലുള്ള കെജ്രിവാൾ പുറത്തുള്ളതിനേക്കാൾ ശക്തൻ’: മോദിയുടെ കോലം കത്തിച്ച് സിപിഐഎം പ്രതിഷേധം
കണ്ണൂർ: ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐഎം. കണ്ണൂരിൽ സിപിഐഎം നടത്തിയ പ്രതിഷേധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. കെജ്‍രിവാളിന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധം നടത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. അടിയന്തരാവസ്ഥയെക്കാൾ കഷ്ടമാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന കാര്യങ്ങളെന്ന് സിപിഐഎം നേതാവ് പി കെ ശ്രീമതിയും പ്രതികരിച്ചു.
ജയിലിനകത്തുള്ള കെജ്‍രിവാൾ ജയിലിന് പുറത്തുള്ള കെജ്‍രിവാളിനേക്കാൾ ശക്തനാണെന്ന് മനസിലാക്കും. ജനാധിപത്യ ധ്വംസനത്തിന്റെ പ്രകടമായ ഉദാഹരണമാണ് ഡൽഹിയിൽ നടക്കുന്നത്. മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുകയാണ്. കേരളത്തിന്റെ പ്രതിക്ഷേധത്തിൽ അണിചേർന്ന ആളാണ് കെജ്‌രിവാളെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
മദ്യനയക്കേസിൽ ഡൽഹി ഹൈക്കോടതി കെജ്‌രിവാളിന് മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ മാർച്ച് 21 ന് രാത്രിയോടെയാണ് അറസ്റ്റ് ഉണ്ടായത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കെജ്‌രിവാളിന് ഇ ഡി ഒമ്പത് തവണ നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഇതില്‍ ഹാജരാകാൻ കെജ്‌രിവാള്‍ തയ്യാറായില്ല. തുടര്‍ന്ന് ഇഡി, കെജ്‌രിവാളിന്റെ വസതിയിലെത്തി ചോദ്യം ചെയ്യുകയും പിന്നാലെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് അരവിന്ദ് കെജ്‌രിവാള്‍.
അരവിന്ദ് കെജ്‍രിവാളിൻ്റെ അറസ്റ്റിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിന് എഎപി ആഹ്വാനം ചെയ്തിട്ടുണ്ട്. ജയിലിൽ പോകേണ്ടി വന്നാലും അരവിന്ദ് കെജ്‍രിവാൾ രാജിവെയ്ക്കില്ലെന്നും ജയിലിലിരുന്ന് ഭരിക്കുമെന്നുമാണ് എഎപി വ്യക്തമാക്കിയിരിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അരവിന്ദ് കെജ്‌രിവാളിൻ്റെ കുടുംബത്തെ സന്ദർശിക്കും. അരവിന്ദ് കെജ്‍രിവാളിൻ്റെ അറസ്റ്റിനെതിരെ ഇന്നലെ ഡൽഹിയിൽ ആം ആദ്മി പ്രവർത്തകർക്കൊപ്പം കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിരുന്നു.