എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവം; വെടിക്കെട്ടിന് ഹൈക്കോടതി അനുമതി
എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കി ഹൈക്കോടതി. ഉപാധികളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. വെടിക്കെട്ടിന് കൃത്യമായ ദൂരപരിധി അഗ്‌നിരക്ഷാ സേന അടയാളപ്പെടുത്തണം, ബാരിക്കേഡുകള്‍ വെച്ച് സ്ഥലത്ത് ആളുകളെ തടയണം. പൊലീസും അഗ്‌നിരക്ഷാസേനയും സുരക്ഷ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം, കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ അളവില്‍ വെടിക്കെട്ട് അനുവദിക്കണമെന്ന ക്ഷേത്ര സമിതിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. 8, 10 തീയതികളിലാണ് എറണാകുളത്ത് ഉത്സവത്തോടനുബന്ധിച്ച വെടിക്കെട്ട് നടക്കുന്നത്. എന്നാല്‍ വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു.വെടിക്കെട്ട് സുരക്ഷിതമായി നടത്താനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാനാകില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കലക്ടറുടെ ചുമതല വഹിക്കുന്ന അഡീഷനല്‍ ജില്ലാ മജിസ്‌ട്രേട്ട് വിനോദ് രാജ് അനുമതി നിഷേധിച്ചത്.
പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ക്ഷേത്രം ഭാരവാഹികള്‍ ഹാജരാക്കിയെങ്കിലും മറ്റു ന്യൂനതകള്‍ കണ്ടെത്തിയതിനാലാണ് അനുമതി നിഷേധിച്ചത്. സിറ്റി പൊലീസ് കമ്മിഷണര്‍, ജില്ലാ ഫയര്‍ ഓഫിസര്‍, കണയന്നൂര്‍ തഹസില്‍ദാര്‍ എന്നിവരുടെ അന്വേഷണ റിപ്പോര്‍ട്ടുകളിലും വെടിക്കെട്ട് സുരക്ഷിതമായി നടത്താന്‍ സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.