![അനന്തു കൃഷ്ണന് 19 ബാങ്ക് അക്കൗണ്ടുകൾ; സഹോദരിയുടെ പേരിലും സഹോദരിയുടെ ഭർത്താവിൻ്റെ പേരിലും ഭൂമി വാങ്ങി അനന്തു കൃഷ്ണന് 19 ബാങ്ക് അക്കൗണ്ടുകൾ; സഹോദരിയുടെ പേരിലും സഹോദരിയുടെ ഭർത്താവിൻ്റെ പേരിലും ഭൂമി വാങ്ങി](https://thenewsroundup.com/wp-content/uploads/2025/02/csr-cheat-ananthu-again.jpg)
അനന്തു കൃഷ്ണന് 19 ബാങ്ക് അക്കൗണ്ടുകൾ; സഹോദരിയുടെ പേരിലും സഹോദരിയുടെ ഭർത്താവിൻ്റെ പേരിലും ഭൂമി വാങ്ങി
സിഎസ്ആർ ഫണ്ടിന്റെ പേരിൽ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന് 19 ബാങ്ക് അക്കൗണ്ടുകൾ. സഹോദരിയുടെ പേരിലും സഹോദരിയുടെ ഭർത്താവിൻ്റെ പേരിലും അനന്തു ഭൂമി വാങ്ങിയതയുള്ള വിവരം പുറത്ത് വന്നു. അതേസമയം അനന്തുവിനെതിരെ പൊലീസിൽ കൂടുതൽ പരാതികളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിരവധി പേര് പരാതിയുമായി വീണ്ടും രംഗത്തെത്തുന്നുണ്ട്.
അനന്തു കൃഷ്ണൻ്റെ പേരിൽ 19 ബാങ്ക് അക്കൗണ്ടുകൾ ഉള്ളതായാണ് പൊലീസ് കണ്ടെത്തൽ. ഇതുവഴി 450 കോടി രൂപയുടെ ഇടപാട് നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ. 2 കോടി രൂപ പ്രതി ഭൂമി വാങ്ങാൻ ഉപയോഗിച്ചു. സഹോദരിയുടെ പേരിലും സഹോദരിയുടെ ഭർത്താവിൻ്റെ പേരിലും ഭൂമി വാങ്ങി. അതേസമയം ചോദ്യം ചെയ്യലിനോട് അനന്തു കൃഷ്ണൻ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം അനന്തുവിൻ്റെ കാറും ഓഫീസിലെ രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇന്നോവ ക്രിസ്റ്റ അടക്കം മൂന്നു കാറുകളാണ് പൊലീസ് പിടിച്ചെടുത്തത്. അനന്തുകൃഷ്‌ണൻ്റെ പേരിൽ ഇടുക്കിയിൽ കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ ഉള്ളതായും കണ്ടെത്തിയുണ്ട്. സിഎസ്ആർ ഫണ്ടിന്റെ മറവിൽ 1000 കോടിയുടെ തട്ടിപ്പ് നടന്നതായും പൊലീസ് കണ്ടെത്തി.
തട്ടിപ്പ് നടത്താനായി പ്രാദേശിക തലത്തിൽ രൂപീകരിച്ച സീഡ് സൊസൈറ്റികൾ വഴിയായിരുന്നു അനന്തുകൃഷ്ണൻ പണസമാഹരണം നടത്തിയത്. സ്ത്രീകളുടെ സ്വാശ്രയ ഗ്രൂപ്പുകളാണ് ബ്ലോക്കടിസ്ഥാനത്തിൽ രൂപീകരിച്ച സീഡ് സൊസൈറ്റികൾ. സംസ്ഥാനത്തുടനീളം 62 സീഡ് സൊസൈറ്റികൾ രൂപീകരിച്ചിരുന്നു. തയ്യൽ മെഷീൻ, ലാപ്ടോപ് എന്നിവയും വാഗ്ദാനം ചെയ്തിരുന്നു. ഇതിൽ ആദ്യം ചിലർക്ക് ലഭിച്ചിരുന്നു. സംസ്ഥാനത്തുടനീളം വിപുലമായ മേളകൾ സംഘടിപ്പിച്ച് വിശ്വാസ്യത നേടിയെടുത്തത്. ഈ വിശ്വാസം പ്രയോജനപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.