കഥയുടെ സുൽത്താന്റെ ജന്മദിനാഘോഷവും 16- മത് ബഷീർ അവാർഡ് സമർപ്പണവും ജനുവരി 21ന് തലയോലപ്പറമ്പിൽ

കഥയുടെ സുൽത്താന്റെ ജന്മദിനാഘോഷവും 16- മത് ബഷീർ അവാർഡ് സമർപ്പണവും ജനുവരി 21ന് തലയോലപ്പറമ്പിൽ

തലയോലപ്പറമ്പ് ;കഥയുടെ സുൽത്താൻ, വൈക്കം മുഹമ്മദ് ബഷീറിന്റെ 116 മത് ജന്മദിനാഘോഷവും പതിനാറാമത് ബഷീർ അവാർഡ് സമർപ്പണവും തലയോലപ്പറമ്പിലെ ബഷീർ സ്മാരകത്തിൽ വച്ച് നടക്കും. അഡ്വ പി കെ ഹരികുമാർ ചെയർമാനും ഡോ സി എം കുസുമൻ സെക്രട്ടറിയുമായ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ജന്മദിനാഘോഷവും ബഷീർ അവാർഡ് സമർപ്പണവും സംഘടിപ്പിച്ചിട്ടുള്ളത്.2008 -ൽ ബഷീറിന്റെ ജന്മശതാബ്ദി ദിനാഘോഷ വേളയിലാണ് ഡോ സുകുമാർ അഴീക്കോട് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് ഉദ്ഘാടനം ചെയ്തത്. ഈ വേദിയിൽ വച്ച് പത്മശ്രീ ഭരത് മമ്മൂട്ടിയാണ് ആദ്യത്തെ ബഷീർ അവാർഡ് പ്രശസ്ത എഴുത്തുകാരനായ എൻ പ്രഭാകരന് സമർപ്പിച്ചത്.

പിന്നീടുള്ള 15 വർഷങ്ങളിലും കേരളത്തിലെ പ്രഗൽഭരായ എഴുത്തുകാർക്ക് നോവൽ, ചെറുകഥ, നിരൂപണം, കവിത തുടങ്ങി വിവിധ വിഭാഗങ്ങളിൽ ബഷീർ അവാർഡ് സമർപ്പണം സംഘടിപ്പിച്ചു പോരുന്നു. 50000 രൂപയും പ്രശസ്തിപത്രവും സി എൻ കരുണാകരൻ രൂപകല്പന ചെയ്ത ഫലകവും ആണ് അവാർഡ്. 2024ലെ ബഷീർ അവാർഡ്

ഇ സന്തോഷ് കുമാറിന്റെ നാരകങ്ങളുടെ ഉപമ എന്ന കഥാസമാഹാരത്തിനാണ്. 2024 ജനുവരി മാസം ഇരുപത്തിയൊന്നാം തീയതി വൈകിട്ട് 5 മണിക്ക് ബഷീർ സ്മാരക മന്ദിരത്തിൽ വച്ച്
പ്രശസ്ത എഴുത്തുകാരനും കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയുമായ വി പി ജോയ് ബഷീർ അവാർഡ് സമർപ്പണം നടത്തും. വൈക്കം മുഹമ്മദ് ബഷീറിനെ പറ്റി പഠന ഗവേഷണങ്ങൾ നടത്തി അത് സംബന്ധമായി ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുള്ള മാങ്ങാട് രത്നാകരൻ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തും.

സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡണ്ട് അഡ്വക്കേറ്റ് പി കെ ഹരികുമാർ അധ്യക്ഷനാകും. ട്രസ്റ്റ് ഭാരവാഹികളായ ടി എൻ രമേശൻ,എം അനിൽകുമാർ, സുഭാഷ് പുഞ്ചക്കോട്ടിൽ, ഡോ വി കെ ജോസ്, എന്നിവർ സംസാരിക്കും.

അവാർഡ് സമർപ്പണ ചടങ്ങിനോടനുബന്ധിച്ച് ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വാദ്യ മേളത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മാധവ് വിനോദിന്റെ സോപാന സംഗീതവും ഉണ്ടായിരിക്കുന്നതാണ്. പ്രൗഡോജ്വലമായ ഈ പരിപാടിയിലേക്ക് മുഴുവനാളുകളുടെയും സാന്നിധ്യം ക്ഷണിക്കുന്നതായി വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോ സി എം കുസുമൻ അറിയിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )