‘ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു’…സുധാകരനെ പിണക്കി കെപിസിസി പുനസംഘടന
കെപിസിസി പുനഃസംഘടനയില്‍ നേതൃത്വത്തോട് നേരിട്ട് അതൃപ്തി അറിയിക്കാന്‍ കെ സുധാകരന്‍. തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് പരാതി. കെസി വേണുഗോപാലിനെ നാളെ കെ സുധാകരന്‍ നേരിട്ട് കാണും. സംസ്ഥാനത്ത് പുനഃസംഘടന ചര്‍ച്ച ചൂടപിടിക്കുന്നതിനിടെയാണ് നിര്‍ണായക കൂടിക്കാഴ്ച. നിലവില്‍ പുനഃസംഘടനയുമായി നടക്കുന്ന ചര്‍ച്ചകളില്‍ കെ സുധാകരന്‍ അസ്വസ്ഥനാണെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ചു കഴിഞ്ഞു. കെ സി വേണുഗോപാലിലൂടെ അതൃപ്തി നേരിട്ട് അറിയിക്കുകയാണ് പുതിയ നീക്കം.തന്നെ മാറ്റാന്‍ വേണ്ടിയാണോ ദീപദാസ് മുന്‍ഷി ഓരോ നേതാക്കളെയും നേരില്‍ കാണുന്നതെന്ന് തന്നോട് പറയണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് നാളായി മുതിര്‍ന്ന നേതാക്കളെ ദീപദാസ് മുന്‍ഷി കണ്ടിരുന്നു. തന്നെ അറിയിക്കാതെ എന്തുകൊണ്ടാണ് പുനഃസംഘടന തീരുമാനമെന്ന് സുധാകരന്‍ ചോദിക്കുന്നു.
നേരത്തെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കടിച്ചു തൂങ്ങില്ലെന്ന് കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ആകാനും താനില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഇല്ല. തന്റെ സ്ഥാനം ജനങ്ങളുടെ മനസ്സിലാണെന്ന് കെ സുധാകരന്‍ പറഞ്ഞിരുന്നു. യുക്തി സഹമായ തീരുമാനം എഐസിസിക്ക് എടുക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ദീപ ദാസ് മുന്‍ഷി ഒറ്റയ്ക്ക് നേതാക്കളെ കാണുന്നത് അവര്‍ക്ക് വിശ്വാസമില്ലാത്തതിനാലാണെന്നാണ് കെ സുധാകരന്‍ പറഞ്ഞിരുന്നത്.
സംസ്ഥാനത്തെ പ്രധാനപ്പെട്ട നേതാക്കളെ പ്രത്യേകം കണ്ട് നേതൃമാറ്റം സംബന്ധിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയാണ്. രമേശ് ചെന്നിത്തല, ബെന്നി ബഹനാന്‍, സണ്ണി ജോസഫ് അടക്കമുള്ള നേതാക്കളെ കഴിഞ്ഞദിവസം എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി കണ്ടിരുന്നു. കെപിസിസിയില്‍ പുനഃസംഘടന വേണമെന്ന അഭിപ്രായമാണ് ഹൈക്കമാന്‍ഡിനും ഉള്ളത്.