ഷഹാനയുടെ ആത്മഹത്യ: സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍
മലപ്പുറം കൊണ്ടോട്ടിയില്‍ നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. 19 കാരി നിറത്തിന്റെ പേരില്‍ തുടര്‍ച്ചയായി അവഹേളനം നേരിട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തുതുവെന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ സ്വമേധയാ കേസ് എടുക്കാന്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി കമ്മീഷന്‍ ഡയറക്ടര്‍ക്കും സി.ഐക്കും നിര്‍ദേശം നല്‍കുകയായിരുന്നു. ഇത് സംബന്ധിച്ച പോലീസ് റിപ്പോര്‍ട്ടും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഷഹാനയെ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും മാനസിക പീഡനത്തെ തുടര്‍ന്നാണ് ഷഹാന ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. നിറം കുറവാണെന്നും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നും പറഞ്ഞ് ഭര്‍ത്താവ് അബ്ദുല്‍ വാഹിദ്, ഷഹാനയെ നിരന്തരം അവഹേളിക്കുമായിരുന്നുവെന്നും കുടുംബം ആരോപിച്ചു. വിവാഹബന്ധം വേര്‍പെടുത്താന്‍ നിര്‍ബന്ധിച്ചതോടെയാണ് ഷഹാന മാനസികമായി തളര്‍ന്നത്.
ഷഹാനയുടെ കുടുംബത്തിന്റെ മൊഴി കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രേഖപ്പെടുത്തി. 2024 മെയ് 27 ന് ആയിരുന്നു വിവാഹം. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്. ഷഹാനയുടെ മൃതദേഹം പഴയങ്ങാടി വലിയ ജുമായത്ത് പള്ളിയില്‍ കബറടക്കി. 2024 മെയ് 27 നായിരുന്നു മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദിന്റെയും ഷഹാനയുടേയും വിവാഹം. വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോയ ശേഷമാണ് ഭര്‍ത്താവ് അബ്ദുല്‍ വാഹിദ് നിറത്തിന്റെ പേരില്‍ നിരന്തരം പെണ്‍കുട്ടിയെ മാനസികമായി ഉപദ്രവിച്ചതെന്നാണ് കുടുംബം പരാതിയില്‍ പറയുന്നത്. വിവാഹ ബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി വളരെ മാനസിക പ്രയാസത്തിലായിരുന്നു. വിവാഹമോചിതയായ ശേഷം എന്ത് ചെയ്യുമെന്ന ആശങ്ക പെണ്‍കുട്ടി കുടുംബത്തോട് പങ്കുവെച്ചിരുന്നു.