
സെറ്റിന്റെ സീലിങ് തകർന്നു വീണു; നടൻ അർജുൻ കപൂറിന് പരിക്ക്
മുംബൈ: ഷൂട്ടിങ് സെറ്റിന്റെ സീലിങ് തകര്‍ന്നു വീണ് ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന് പരിക്ക്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. മുംബൈയിലെ ഇംപീരിയല്‍ പാലസില്‍ ‘മേരെ ഹസ്ബന്‍ഡ് കി ബീവി’ എന്ന സിനിമയിലെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. നടനും നിര്‍മാതാവുമായ ജാക്കി ഭാഗ്നാനി, സംവിധായകന്‍ മുദാസ്സര്‍ അസിസ് എന്നിവര്‍ക്കും സെറ്റിലുണ്ടായിരുന്ന ചിലര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ സീലിങ് തകര്‍ന്നുവീഴുകയായിരുന്നെന്നാണ് ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് (എഫ്.ഡബ്ല്യു.ഐസി.ഇ) അംഗം അശോക് ദുബെ പറഞ്ഞത്. സൗണ്ട് സിസ്റ്റത്തില്‍ നിന്നുണ്ടായ വൈബ്രേഷനാണ് അപകടത്തിന് കാരണമെന്നാണ് അദ്ദേഹം പറയുന്നത്.
ഷൂട്ടിങ്ങിന് മുമ്പ് സെറ്റിന്റെ സുരക്ഷ ഉറപ്പുവരുത്താറില്ലെന്ന് കൊറിയോഗ്രാഫര്‍ വിജയ് ഗാംഗുലി വിമര്‍ശിച്ചു. ‘ഞങ്ങള്‍ ഗാനരംഗം ചിത്രീകരിക്കുകയായിരുന്നു. ഷോട്ടെടുക്കുന്നതിനിടയില്‍ സീലിങ് തകര്‍ന്നു വീണു. മുഴുവന്‍ സീലിങ്ങും ഞങ്ങളുടെ മേല്‍ തകര്‍ന്നു വീണിരുന്നെങ്കില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമായേനെ. എന്നാലും കുറേ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്,’ വിജയ് ഗാംഗുലി പറഞ്ഞു.