പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; നാല് പ്രതികൾക്ക് 5 വർഷം തടവ്
പെരിയ ഇരട്ടക്കൊലക്കേസിലെ ശിക്ഷാവിധിച്ച് സിബിഐ കോടതി. 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും നാല് പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവും വിധിച്ചു. ഒന്നു മുതല്‍ 8 വരെ പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം വിധിച്ചിരിക്കുന്നത്. 14, 20, 21, 22 പ്രതികള്‍ക്ക് 5 വര്‍ഷം തടവ് വിധിച്ചു. 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനും CPIM ലോക്കല്‍ കമ്മിറ്റി മുന്‍ അംഗവുമായ എ പീതാംബരനും ഉദുമ മുന്‍ MLA കെ വി കുഞ്ഞിരാമനും ഉള്‍പ്പെടെയുള്ളവരാണ് കുറ്റക്കാര്‍.
പീതാംബരന്, സജി ജോര്‍ജ്, സുരേഷ്, അനില്‍ കുമാര്‍, ജിജിന്, ശ്രീരാഗ്, അശ്വിന്, സുബീഷ്, രഞ്ജിത് ടി, സുരേന്ദ്രന് എന്നീ പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ. എ എം മണികണ്ഠന് , കെ വി കുഞ്ഞിരാമന്, രാഘവന്, ഭാസ്കരന് എന്നിവര്‍ക്കാണ് അഞ്ച് വര്‍ഷം തടവ് ശിക്ഷ. 2019 ഫെബ്രുവരി 17 നാണ് പെരിയ കല്ല്യോട്ട് ഗ്രാമത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും, കൃപേഷും കൊല്ലപ്പെടുന്നത്. ആറു വര്‍ഷമായി നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ പെരിയ ഇരട്ടക്കൊലപാതക കേസില്‍ കൊച്ചി സിബിഐ കോടതി വിധി പറഞ്ഞത്.
ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സിബിഐ കോടതി വിധിച്ചിരുന്നു. കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ച കുറ്റമാണ് കെ വി കുഞ്ഞിരാമന് ഉള്‍പ്പെടുന്ന 14, 20, 21, 22 പ്രതികള്‍ക്കെതിരെ തെളിഞ്ഞത്. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, മാരക ആയുധങ്ങള്‍ ഉപയോഗിച്ച് ഉപദ്രവം, തടഞ്ഞു നിര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു.
പ്രദീപ് (കുട്ടന്), ബി. മണികണ്ഠന് (ആലക്കോട് മണി), എന്‍. ബാലകൃഷ്ണന് (മുന്‍ പെരിയ ലോക്കല്‍ സെക്രട്ടറി), എ. മധു (ശാസ്ത മധു-അഞ്ചാംപ്രതി ജിജിന്റെ പിതാവ്), റെജി വര്‍ഗീസ്, എ. ഹരിപ്രസാദ്, പി. രാജേഷ്(രാജു) വി. ഗോപകുമാര്‍ (ഗോപന് വെളുത്തോളി), പി.വി. സന്ദീപ് (സന്ദീപ് വെളുത്തോളി) എന്നിവരെ കുറ്റവിമുക്തരാക്കിയിരുന്നു.