എം.ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി, മരുന്നുകളോട് പ്രതികരിക്കുന്നു
സാഹിത്യകാരന് എം.ടി.വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. നേരിയ രീതിയില്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കാര്‍ഡിയാക് ഐസിയുവിലുള്ള എംടി വിദഗ്ധ ഡോക്ടേഴ്സിന്റെ നിരീക്ഷണത്തിലാണ്. മാസ്ക് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്തുന്നത്. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് ആരോഗ്യനില മോശമായത്.
ഇക്കഴിഞ്ഞ 15നാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാഹിത്യ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന് പിള്ള, മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രന്, ജെ.ചിഞ്ചുറാണി, എംഎല്‍എമാര്‍, രാഷ്ട്രീയ നേതാക്കള്‍, സിനിമ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരാണ് ആശുപത്രിയില്‍ എത്തിയത്.
അതിനിടെ എംടിയുടെ മകള്‍ അശ്വതിയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സംസാരിച്ചു. അശ്വതിയെ ഫോണില്‍ വിളിച്ചാണ് എംടിയുടെ ചികിത്സയെ സംബന്ധിച്ചും ആരോഗ്യനിലയെ സംബന്ധിച്ചും രാഹുല്‍ ഗാന്ധി തിരക്കിയത്. എംടി എത്രയും വേഗം സുഖം പ്രാപിച്ച് പൂര്‍ണ ആരോഗ്യവാനായി തിരിച്ചു വരട്ടെയെന്നു രാഹുല്‍ ഗാന്ധി ആശംസിക്കുകയും ചെയ്തു.