റായ്‌ബെറേലിയില്‍ പ്രിയങ്ക ഗാന്ധി ഇറങ്ങിയേക്കും;കോണ്‍ഗ്രസിന്റെ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

റായ്‌ബെറേലിയില്‍ പ്രിയങ്ക ഗാന്ധി ഇറങ്ങിയേക്കും;കോണ്‍ഗ്രസിന്റെ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

ഡല്‍ഹി: കോണ്‍ഗ്രസിന്റെ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും.പ്രധാനമായും കര്‍ണാടക, പശ്ചിമ ബംഗാള്‍, അരുണാചല്‍ പ്രദേശ്, സിക്കിം, തെലങ്കാന സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്കാണ് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി രൂപം നല്‍കിയിരിക്കുന്നത്.റായ്‌ബെറേലിയില്‍ നിന്ന് പ്രിയങ്ക ഗാന്ധിയുടെയും അമേഠിയില്‍ നിന്നും രാഹുല്‍ ഗാന്ധിയുടെ പേരുകള്‍ മൂന്നാംഘട്ട പട്ടികയില്‍ ഉണ്ടാകുമോ എന്നതും രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്.

കര്‍ണാടകയിലെ ഗുല്‍ബര്‍ഗില്‍ നിന്ന് ഖര്‍ഗെയുടെ മരുമകന്‍ രാധാകൃഷ്ണന്‍ ഡി മത്സരിക്കും. 2009, 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ഗുല്‍ബര്‍ഗില്‍ നിന്നാണ് ഖര്‍ഗെ മത്സരിച്ചത്. ബംഗാളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 12 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയും ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇടത്-കോണ്‍ഗ്രസ്- ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് (ഐഎസ്എഫ്) സഖ്യത്തിന്റെ സീറ്റ് ധാരണ പ്രകാരം കോണ്‍ഗ്രസിന് ബംഗാളില്‍ 12 സീറ്റാണ് അനുവദിച്ചിരിക്കുന്നത്.

 പിസിസി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി പശ്ചിമ ബംഗാളിലെ ബഹറംപൂരില്‍ നിന്ന് മത്സരിക്കും. രാജസ്ഥാന്‍ , മധ്യപ്രദേശ്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇന്ന് നടന്നേക്കും. രണ്ട് ഘട്ടങ്ങളിലായി 82 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ 39 സീറ്റുകളിലേയ്ക്കും രണ്ടാം ഘട്ടത്തില്‍ 34 സീറ്റുകളിലേയ്ക്കുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നത്.

കേരളത്തില്‍ മത്സരിക്കുന്ന16 മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെയായിരുന്നു കോണ്‍ഗ്രസ് ആദ്യഘട്ടത്തില്‍ 39 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ചത്തീസ്ഗഡ്, കര്‍ണാടക, കേരളം, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം, തെലങ്കാന സംസ്ഥാനങ്ങളിലെ 39 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികള്‍ ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചിരുന്നു. കേരളത്തില്‍ രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ചത്തീസ്ഗഡില്‍ മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സഹോദരന്‍ ഡി കെ സുരേഷ് തുടങ്ങിയ പ്രമുഖര്‍ ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചിരുന്നു.

രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ അസം, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 43 സ്ഥാനാര്‍ത്ഥികളാണ് ഇടംപിടിച്ചിരുന്നത്. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥ് സിറ്റിങ്ങ് സീറ്റായ മധ്യപ്രദേശിലെ ചിന്ദ്വാരയിലും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ട് രാജസ്ഥാനിലെ ജലോറില്‍ നിന്നും പട്ടികയല്‍ ഇടംപിടിച്ചിരുന്നു. രാജസ്ഥാന്‍ 10, അസം 13, മധ്യപ്രദേശ് 10, ഉത്തരാഖണ്ഡ് 3, ഗുജറാത്ത് 7, ദാമന്‍ ദ്യു 1 എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് രണ്ടാംഘട്ടത്തില്‍ കോണ്‍ഗ്രസ് പുറത്തിറക്കിയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )