‘പള്ളികൾ ഏറ്റെടുക്കണമെന്ന് ഉത്തരവിടാൻ അധികാരമില്ല’; ഹൈക്കോടതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് സർക്കാർ
കൊച്ചി: ഓര്‍ത്തഡോക്സ് – യാക്കോബായ സഭാ പള്ളിത്തര്‍ക്കം വീണ്ടും സുപ്രീംകോടതിയിലേക്ക്. ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ച ഡിവിഷന്‍ ബെഞ്ച് തീരുമാനത്തിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നത്. പള്ളികള്‍ പൂട്ടി താക്കോല്‍ ഏറ്റെടുക്കണമെന്ന് ഉത്തരവിടാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഓര്‍ത്തഡോക്സ് – യാക്കോബായ സഭ തര്‍ക്കം ക്രമസമാധാന പ്രശ്നമെന്നും സര്‍ക്കാര്‍ പറയുന്നു.
കോടതി ഉത്തരവ് നടപ്പാക്കാന്‍ സാവകാശം വേണമെന്നും അപ്പീലില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ യാക്കോബായ സഭ തടസഹര്‍ജി നല്‍കിയിട്ടുണ്ട്. തങ്ങളുടെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ഓര്‍ത്തഡോക്സ് സഭ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിക്കും എറണാകുളം പാലക്കാട് ജില്ലാ കളക്ടര്‍മാര്‍ക്കുമെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു. നവംബര്‍ എട്ടിന് രാവിലെ പത്തേകാലിന് ഹൈക്കോടതിയില്‍ ഹാജരാകാനായിരുന്നു ഇടക്കാല ഉത്തരവ്.
ആറ് പള്ളികള്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് വിട്ടുനല്‍കണമെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നിലവില്‍ ഈ പള്ളികള്‍ യാക്കോബായ സഭയ്ക്ക് കീഴിലാണ്. പിന്നാലെ എറണാകുളം, പാലക്കാട് ജില്ലാ കളക്ടര്‍മാര്‍ ഈ പള്ളികള്‍ ഏറ്റെടുക്കണമെന്നും, പള്ളികള്‍ പൂട്ടി മുദ്ര വെച്ച് താക്കോല്‍ സര്‍ക്കാര്‍ സൂക്ഷിക്കണമെന്നും ഹൈക്കോടതി ജസ്റ്റിസ് വി ജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. പക്ഷേ ആഴ്ചകള്‍ പിന്നിട്ടിട്ടും ഉത്തരവ് നടപ്പിലാക്കാത്ത സാഹചര്യത്തിലായിരുന്നു ഹൈക്കോടതിയുടെ നടപടി.