കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം കൊലക്കളമാകുമ്പോള്‍…സാധാരണക്കാര്‍ ആരെ വിശ്വസിച്ച് യാത്ര തിരിക്കും

കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം കൊലക്കളമാകുമ്പോള്‍…സാധാരണക്കാര്‍ ആരെ വിശ്വസിച്ച് യാത്ര തിരിക്കും

പൊതുജനങ്ങള്‍ളുടെ ജീവന് എത്ര വിലയാണ് സര്‍ക്കാര്‍ കല്‍പ്പിച്ചിരിക്കുന്നത്. ജനാധിപത്യത്തില്‍ ജനങ്ങളാണ് രാജാക്കന്‍മാരെന്ന് ജനപ്രതിനിധികള്‍ പറയുന്നത് കേള്‍ക്കാറുണ്ട്. പക്ഷെ, അധികാരത്തില്‍ എത്തിക്കഴിഞ്ഞാല്‍ പറഞ്ഞതെല്ലാം മറന്ന്, അവര്‍ സ്വയമങ്ങ് രാജാക്കന്‍മാരായി മാറും. സുഖവാസത്തിന് മന്ത്രിമന്ദിരങ്ങള്‍, യാത്രയ്ക്ക് ആഡംബര വാഹനങ്ങള്‍ അങ്ങനെ അവര്‍ സുഖലോലുപതയുടെ അങ്ങേത്തലയ്ക്കലും ജനങ്ങള്‍ നരകയാതനയുടെ ഇങ്ങേത്തലയ്ക്കലുമായി സഞ്ചരിക്കുന്നു. ജനങ്ങള്‍ക്ക് പൊതു ഗതാഗത സംവിധാനത്തിന് ഓടുന്ന കെഎസ്ആര്‍ടിസിക്ക് ബ്രേക്കുമില്ല, ബെല്ലുമില്ല. സ്റ്റാര്‍ട്ടായാല്‍ ഓടിക്കാം, ഇല്ലെങ്കില്‍ ജനങ്ങള്‍ വലയട്ടെ ഇതാണ് നയം. സര്‍ക്കാരിനും, കെഎസ്ആര്‍ടിക്കും, രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും ഇതേ നിലപാടായതു കൊണ്ട് പൊതു ജനം പെരുവഴിയിലാണ്. ഇന്ന് പുലര്‍ച്ചെ ഉണ്ടായ കെഎസ്ആര്‍ടിസി അപകടവും ഇത്തരത്തില്‍ ഉണ്ടായതാണ്. കെഎസ്ആര്‍ടിസി ബസിന്റെ ബ്രേക്ക് കിട്ടാത്തതാണ് വലിയ അപകടത്തിന് കാരണമായതെന്ന് ഡ്രൈവര്‍ പറയുന്നു.

കെഎസ്ആര്‍ടിസി പറയുന്നത് മാവേലിക്കരയില്‍ നിന്നും കെഎസ്ആര്‍ടിസിയുടെ ബഡ്ജറ്റ് ടൂറിസം പാക്കേജിന്റെ ഭാഗമായി തഞ്ചാവൂര്‍, മധുര എന്നിവിടങ്ങളിലേക്ക് തീര്‍ത്ഥാടനത്തിന് പോയി തിരികെ വരികയായിരുന്ന സൂപ്പര്‍ ഡീലക്സ് ബസാണ് അപകടത്തില്‍പ്പെട്ടത്. കുട്ടിക്കാനം മുണ്ടക്കയം റോഡില്‍ പുല്ലുപാറ കള്ളിവേലില്‍ എസ്റ്റേറ്റിന്റെ സമീപത്തു വെച്ചായിരുന്നു അപകടം നടന്നത്. നാല്‍പത് അടിയോളം താഴ്ചയിലേക്ക് ബസ് മറിഞ്ഞു. എസ്റ്റേറ്റിലെ മരങ്ങളില്‍ തട്ടിനില്‍ക്കുകയായിരുന്നു. പിന്നെയും താഴേയ്ക്കു പതിച്ചിരുന്നുവെങ്കില്‍ മരണ സംഖ്യ കൂടിയേനെ. നിലവില്‍ നാല് മരണമാണ് ഔദ്യോഗികമായി റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

ഹൈവേ പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബ്രേക്കില്ലാത്ത KSRTC ബസുകളും ജീവനക്കാരും ഇക്കഴിഞ്ഞ കുറച്ചു മാസങ്ങളായി KSRTC ജീവനക്കാര്‍, പ്രത്യേകിച്ച് ഡ്രൈവര്‍മാര്‍ പറയുന്ന പ്രധാന കംപ്ലെയിന്റാണ്, ബസുകള്‍ കൃത്യമായി മെയിന്റനന്‍സ് ചെയ്യുന്നില്ല എന്നത്. മെയിന്റനന്‍സ് എന്നാല്‍, ബ്രേക്ക് മുതല്‍, ഹെഡ് ലൈറ്റു വരെ ഉള്‍പ്പെടും. അഥവാ, ഇതെല്ലാം മാറ്റുന്നുണ്ടെങ്കില്‍ ഗുണ നിലവാരമില്ലാത്ത കമ്പനികളുടെയോ, നിലവാരമില്ലാത്ത പ്രോഡക്ടുകളോ ആയിരിക്കും ഇടുക. ഇഥെല്ലാം ബസിന്റെ ഓട്ടം അനുസരിച്ച് തേഞ്ഞു പോവുകയോ, ഒടിയുകയോ, കേടാവുകയോ ചെയ്യുന്നുണ്ട്. വര്‍ക്ക് ഷോപ്പില്‍ നിന്നും കുട്ടപ്പനായി ഇറങ്ങിപ്പോകുന്ന ബസ് എങ്ങനെയാണ് കിലോമീറ്ററുകള്‍ സഞ്ചരിച്ച് ചൂടാകുമ്പോള്‍ കേടാകുന്നത് എന്ന് ആലോചിച്ചാല്‍ മനസ്സിലാകും. ബസ് ഓടിക്കുന്ന ഡ്രൈവര്‍ക്കും, ആ ബസ് പണിയുന്ന മനെക്കാനിക്കും മാത്രമേ ഇക്കാര്യങ്ങള്‍ അറിയാനാകൂ.

മെക്കാനിക്ക് പണിതു നല്‍കുന്ന വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്ക്, വാഹനത്തിനുള്ള കുറ്റവും കുറവും വേഗത്തില്‍ മനസ്സിലാകും. പക്ഷെ, ബസില്‍ മാറ്റിയിടുന്ന സാധനങ്ങളുടെ ഗുണനിലവാരം അറിയാനാകില്ല. അത് പര്‍ച്ചേസ് വിംഗിന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. വിലകുറഞ്ഞതും ഗുണനിലവാരമില്ലാത്ത സ്ലാക്കറുകളും വാങ്ങുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ചില ഡ്രൈവര്‍മാര്‍ സ്വന്തം പണം ഉപയോഗിച്ച് നല്ല ബ്രേക്ക് ലൈനറുകളും സ്ലാക്കറുകളും വാങ്ങി ബസിന് ഇടുന്നുണ്ട്. ചിലര്‍ തങ്ങളുടെ ശമ്പളത്തില്‍ നിന്നും പണം പിടിച്ചുകൊണ്ട് ബസിനാവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ KSRTC മാനേജ്മെന്റിന് കത്തു നല്‍കിയിട്ടുമുണ്ട്.

ഇന്നു നടന്നത് ആദ്്യത്തെ അപരരകടമല്ല, അവസാനത്തേതുമല്ല. നിരുത്തരവാദപരമായ സമീപനങ്ങളുടെ ഉത്തമ ഉദാഹരണമായി ഈ അപകടത്തെ കാണാം. ഓരോ അപകടങ്ങള്‍ക്കുപപ ശേഷവും KSRTC നന്നാകും എന്നു കരുതുന്നത്, ജനങ്ങള്‍ മാത്രമാണ്. ഭരണാധികാരികളോ, സര്‍ക്കാരോ മാനേജ്മെന്റോ കോര്‍പ്പറേഷനോ നന്നാകണമെന്ന് ചിന്തിക്കുന്നില്ല. ഡ്രൈവര്‍ ബലിയാടാകുമോ ? കൊന്നവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പ്രതിയാക്കുന്ന ഒരു രീതി KSRTCയിലുണ്ട്. അഥ് ഇവിടെയും അക്ഷരംപ്രതി നടപ്പാകുമെന്നുറപ്പാണ്. അപകടത്തിന് കാരണക്കാരന്‍ KSRTC ഡ്രൈവര്‍ തന്നെ എന്നാകും. കോര്‍പ്പറേഷനും, വകുപ്പും ഇതു തന്നെയായിരിക്കും സ്ഥാപിച്ചെടുക്കുക. ബ്രേക്കില്ലെങ്കിലും യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ സ്വയം ആത്മാഹൂതി ചെയ്തു കൂടായിരുന്നോ എന്ന തരത്തിലുള്ള കുറ്റപ്പെടുത്തലും അയാള്‍ക്കു നേരെയുണ്ടാകും. ബ്രേക്ക് കിട്ടാതിരുന്നതിനു കാരണം, ബസിന്റെ നിലവാരത്തകര്‍ച്ചയും, കാലപ്പഴക്കവും, മെയിന്റനന്‍സ് ഇല്ലായ്മയും സാധനങ്ങള്‍ ഡ്യൂപ്ലിക്കേറ്റിനെ വെല്ലുന്നതാണെന്നും അറിയാവുന്നവര്‍ തന്നെയാണ് യഥാര്‍ഥ കൊലയാളികള്‍. എന്നാല്‍, ആ ബസ് ഓടിച്ച് കൊക്കയില്‍ തള്ളിയിട്ടു എന്ന കുറ്റം ചുമത്തി, ഡ്രൈവറുടെ മേല്‍ എല്ലാ പാപവും കയറ്റിവെച്ച് മറ്റുള്ളവര്‍ രക്ഷപ്പെടും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )