മുണ്ടക്കൈ -ചൂരൽമല ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയത് 682 കോടി രൂപയെന്ന് സർക്കാർ ഹൈക്കോടതിയിൽ

മുണ്ടക്കൈ -ചൂരൽമല ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയത് 682 കോടി രൂപയെന്ന് സർക്കാർ ഹൈക്കോടതിയിൽ

സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ തുകയുടെ വിനയോഗം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. മുണ്ടക്കൈ – ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട SDRF തുകയുടെ വിനിയോഗം, വയനാടിന് അധികമായി വേണ്ട തുക തുടങ്ങിയവ ഉള്‍പ്പെടുത്തി വേണം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറെന്നും ഹൈക്കോടതി. മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിനായി ഓഗസ്റ്റ് 17 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ എത്ര ചെലവഴിച്ചുവെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ സഹായം ആവശ്യപ്പെടണമെങ്കില്‍ ഫണ്ടില്‍ വ്യക്തത വരുത്തണമെന്നും കോടതി.

SDRF ലെ മുഴുവന്‍ തുകയും വയനാടിനായി ഉപയോഗിക്കാനാവില്ല എന്നാണ് സര്‍ക്കാര്‍ വാദം. പാലങ്ങളുടെയും റോഡുകളുടെയും പുനരുദ്ധാരണത്തിനും നവീകരണത്തിനും SDRF തുക പൂര്‍ണമായും വിനിയോഗിക്കാന്‍ നിലവിലെ ചട്ടങ്ങള്‍ പ്രായോഗികമല്ലന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയത് 682 കോടി എന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ സൂചിപ്പിക്കുന്നു. മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിന് തൊട്ടുപിന്നാലെ ഫണ്ടില്‍ നിന്ന് നല്‍കിയത് 21 കോടി രൂപയാണ്.പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി SDRFല്‍ നിന്ന് നല്‍കിയത് 28.95 കോടി രൂപ. ഡിസംബര്‍ 10ന് ഫണ്ടില്‍ ബാക്കിയുള്ളത് 700 കോടി രൂപയാണെന്നും SDRF ഫണ്ടിലെ തുക മുഴുവന്‍ വയനാട്ടിലേക്ക് ഉപയോഗിക്കാനുള്ളതല്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. SDRF ഫണ്ടിലെ ബാക്കിയുള്ള 638.95 കോടി രൂപ വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് നല്‍കാനുണ്ട്. വേനല്‍ക്കാലം നേരിടാനായി ഫണ്ടില്‍ ബാക്കിയുള്ളത് 61.53 കോടി രൂപയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പുനരധിവാസത്തിന് ഭൂമി വാങ്ങാന്‍ SDRF ഫണ്ട് തുക ഉപയോഗിക്കാന്‍ ചട്ടം അനുവദിക്കുന്നില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സ്‌പോണസര്‍ഷിപ്പില്‍ നിന്നുമേ ഇതിന് കഴിയൂ. 2221 കോടി രൂപയുടെ സഹായധനത്തിന്റെ എസ്റ്റിമേറ്റാണ് കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്.

അതേസമയം, സഹായത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ വേഗത്തിലുള്ള തീരുമാനം അനിവാര്യമാണെന്നും വയനാട് പുനരധിവാസത്തിനായി പ്രത്യേക പരിഗണന അത്യാവശ്യമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ദുരന്തബാധിതരുടെ കടം എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതേവരെ തീരുമാനമെടുത്തിട്ടില്ല. ഇത് സംബന്ധിച്ച ഒരു അറിയിപ്പും കേരളത്തിന് ഇതേവരെ കിട്ടിയിട്ടില്ല എന്നും സര്‍ക്കാര്‍. എന്നാല്‍ എത്ര രൂപയുടെ ആവശ്യം ഉണ്ടെന്നും അതിന്റെ ആവശ്യകത ബോധ്യപ്പെടുത്തണമെന്നും സംസ്ഥാന സര്‍ക്കാരിനോട് കോടതി ചോദിച്ചു.

SDRFതുക കടലാസില്‍ മാത്രമാണെന്നാണ് മനസിലാക്കുന്നതെന്ന് കോടതി. തര്‍ക്കം മാറ്റിവെച്ച് യഥാര്‍ത്ഥ്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തി അധിക ഫണ്ട് ചോദിക്കണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുളള തര്‍ക്കത്തില്‍ മധ്യസ്ഥതത വഹിക്കാനാണ് ഉദ്ദേശിക്കുന്നത്. കണക്കുകള്‍ പൂര്‍ണമായി വ്യക്തമാക്കുകയാണ് ആദ്യം വേണ്ടത്. തുറന്ന മനസോടെ കേന്ദ്രം സഹായിക്കണമെന്നും സംസ്ഥാനം യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ തുകയുടെ വിനയോഗം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയ ഹൈക്കോടതി വിഷയം ഈ മാസം 18ന് വീണ്ടും പരിഗണിക്കനായി മാറ്റി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )