എം ആർ അജിത്കുമാറിനെതിരായ പരാതികളിൽ അന്വേഷണമില്ല; വേണമെങ്കിൽ സർക്കാർ നിർദേശിക്കട്ടെയെന്ന് വിജിലൻസ്
തിരുവനന്തപുരം: എഡിജിപി എം ആര് അജിത്കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതികളില്‍ അന്വേഷണമില്ലെന്ന് വിജിലന്‍സ്. നേരിട്ട് ലഭിച്ച പരാതികളില്‍ അന്വേഷണം വേണ്ടെന്നാണ് വിജിലന്‍സ് നിലപാട്. അന്വേഷണത്തിന് പ്രത്യേക സംഘമുള്ളതിനാല്‍ വിജിലന്‍സ് ഇടപെടലിന്റെ ആവശ്യമില്ലെന്നാണ് വിലയിരുത്തല്‍. അന്വേഷണം വേണമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കട്ടെയെന്നും വിജിലന്‍സ് വ്യക്തമാക്കി.
പരാതികളില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം വേണ്ടെന്ന നിലപാടിലേക്കെത്തിയത്. അതേസമയം വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി മുഖ്യമന്ത്രിക്ക് നല്കിയ ശുപാര്‍ശയില്‍ തീരുമാനമായിട്ടില്ല.
എഡിജിപിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. ബന്ധുക്കളുടെ പേരില്‍ സ്വത്ത് സമ്പാദനം, കവടിയാറിലെ കോടികളുടെ ഭൂമി ഇടപാട്, കേസ് ഒഴിവാക്കാന്‍ കൈക്കൂലി സ്വീകരിക്കല്‍ തുടങ്ങിയ ആരോപണങ്ങളാണ് എഡിജിപിക്കെതിരെയുള്ളത്.
പിവി അന്‍വര്‍ എംഎല്‍എക്ക് പിന്നില്‍ ബാഹ്യശക്തികളുണ്ടെന്നായിരുന്നു ഡിജിപിക്ക് നല്കിയ മൊഴിയില്‍ അജിത് കുമാറിന്റെ പരാമര്‍ശം. ആരോപണങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്കാന് അവസരം വേണമെന്നും അജിത് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. അന്‍വറിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി എഡിജിപി എം ആര് അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്.