‘കേസ് അട്ടിമറിക്കാന്‍ ശ്രമം; കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞിരുന്നില്ല’ : വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

‘കേസ് അട്ടിമറിക്കാന്‍ ശ്രമം; കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞിരുന്നില്ല’ : വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. പൊലീസ് അന്വേഷിച്ചത് തന്നെയാണ് സിബിഐ കണ്ടെത്തിയതെന്നും അവര്‍ ചൂണ്ടിക്കാട്ടി. കേരളാ പോലീസാണ് നല്ലത് എന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും സിബിഐ അന്വേഷണം കൃത്യമല്ലെന്നും അവര്‍ പറഞ്ഞു. ഏഴ് വര്‍ഷം കാത്തിരുന്നത് മക്കള്‍ക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ്. അവസാനം അവര്‍ യഥാര്‍ത്ഥ പ്രതികളെയൊക്കെ കളഞ്ഞുകൊണ്ട് അച്ഛനും അമ്മയും പ്രതിയാണെന്ന് പറഞ്ഞിരിക്കുകയാണ്. യഥാര്‍ത്ഥ പ്രതിയിലേക്ക് പോകാന്‍ അവര്‍ക്ക് ഭയമുള്ളത് കൊണ്ടാണ് അച്ഛനെയും അമ്മയെയും പ്രതിചേര്‍ത്തത് അവര്‍ വ്യക്തമാക്കി.

കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായ വിവരം മുന്‍കൂട്ടി അറിഞ്ഞിട്ടും മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചില്ലെന്ന വാദവും ഇവര്‍ തള്ളി. ഇപ്പോള്‍ വന്ന സിബിഐ ഉദ്യോഗസ്ഥര്‍ ഒരു തരത്തിലും ഞങ്ങള്‍ പറയുന്ന വാക്കുകള്‍ ചെവിക്കൊണ്ടില്ലായിരുന്നു. സമരസമിതിക്ക് സംശയമുള്ള വ്യക്തികളെയും കാര്യങ്ങളും ഒന്നും അവര്‍ ചെവിക്കൊണ്ടില്ല. മൂത്ത കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷിച്ച് ഒരുപാട് തവണ പൊലീസ് സ്റ്റേഷനിലേക്ക് പോയിരുന്നു. ഓരോ കാരണം പറഞ്ഞ് രണ്ടാമത്തെ മകള്‍ മരിക്കുന്നത് വരെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തരാതെ ഞങ്ങളെ ചുറ്റിക്കുകയായിരുന്നു. ഇളയ മകള്‍ കൂടി മരിച്ചതിന് ശേഷമാണ് രണ്ടുപേരുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഞങ്ങളുടെ കൈയില്‍ കിട്ടുന്നത്. അത് വായിച്ച് കേള്‍പ്പിച്ചപ്പോഴാണ് രണ്ട് മക്കളും പീഡിപ്പിക്കപ്പെട്ടതാണെന്ന് അറിയുന്നത്. മൂത്ത മകളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഞങ്ങള്‍ ചോദിച്ചു പോയപ്പോള്‍ തന്നെ തന്നിരുന്നുവെങ്കില്‍ എന്റെ രണ്ടാമത്തെ മകളെക്കൂടി നഷ്ടപ്പെടില്ലായിരുന്നു കുട്ടികളുടെ അമ്മ വിശദമാക്കി.

കേസ് അട്ടിമറിക്കപ്പെടണമെന്ന് ഇപ്പോഴത്തെ സിബിഐ കൂടി ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. വക്കീലായി രാജേഷ് മേനോനെ മതിയെന്ന് പലതവണ ആവശ്യപ്പെട്ടതാണ്. അത് അനുവദിക്കാത്തത് എന്തുകൊണ്ടാണ്? സത്യസന്ധമായി വക്കീല്‍ കേസന്വേഷിക്കുമെന്ന ഭയം കൊണ്ടാണ് സര്‍ക്കാരും സിബിഐയും അദ്ദേഹത്തെ അനുവദിക്കാത്തത്. പുതിയൊരു വക്കീലിനെ വച്ചിട്ടുണ്ട്. അദ്ദേഹം ഇതുവരെ ഫോണിക്കൂടി പോലും ബന്ധപ്പെട്ടിട്ടില്ല അവര്‍ ചൂണ്ടിക്കാട്ടി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )