ഇന്ത്യ-കാനഡ നയതന്ത്ര ‘യുദ്ധം’; വീസയെ ബാധിച്ചേക്കും
ഡല്‍ഹി: കുപ്രസിദ്ധ ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യന്‍ ഹൈക്കമീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതിയാക്കാനുള്ള കാനഡ സര്‍ക്കാരിന്റെ നീക്കത്തില്‍ തുടങ്ങിയ ഇന്ത്യ-കാനഡ നയതന്ത്ര ‘യുദ്ധം’ കനക്കുന്നതില്‍ ഇരു രാജ്യങ്ങളിലും ആശങ്കയും വര്‍ധിക്കുന്നു. അതേസമയം കാനഡയ്ക്ക് ശക്തമായ മറുപടി നല്‍കുമെന്ന നിലപാടിലാണ് ഇന്ത്യ. ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കേസില്‍ പെടുത്താനുള്ള കനേഡിയന്‍ നീക്കം, വളരെ ശക്തമായി തന്നെ ചെറുക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇന്ത്യ ആറ് കനേഡിയന്‍ ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെ കാനഡയും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അടക്കമുള്ളവരോട് രാജ്യം വിടാന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ചാരപ്രവര്‍ത്തനം നടത്തിയെന്നും അക്രമങ്ങളില്‍ പങ്കുണ്ടെന്നുമാണ് നിലവില്‍ കനേഡിയന്‍ പൊലീസിന്റെ ആരോപണം.
ഇന്ത്യയുടെ തീരുമാനം കാനഡ, ഭീകര ഗ്രൂപ്പുകള്‍ക്ക് നല്‍കുന്ന സഹായം ലോകവേദികളില്‍ ഉന്നയിക്കാനാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഇരു രാജ്യങ്ങളും പരസ്പരം പുറത്താക്കിയത് വീസ അടക്കമുള്ള നടപടികളെ ബാധിക്കാനാണ് സാധ്യത. അതേസമയം കാനഡയിലെ ഇന്ത്യക്കാരടക്കമുള്ള തെക്കനേഷ്യക്കാര്‍ സമാധാനം പാലിക്കണമെന്ന് ഇന്നലെ കാനഡ ആവശ്യപ്പെട്ടിരുന്നു.
കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത് ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമീഷണര്‍ അടക്കമുള്ള 6 ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് ആണ്. ഈ തെളിവുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയുമായി പങ്കുവെച്ചെന്നും ഇന്ത്യ ഇക്കാര്യം നിഷേധിക്കുകയായിരുന്നുവെന്നും ട്രൂഡോ ആരോപിച്ചു. തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞിട്ടും അന്വേഷണവുമായി ഇന്ത്യ സഹകരിക്കാത്തതുകൊണ്ടാണ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതെന്നും കനേഡിയന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
പതിറ്റാണ്ടുകളായി ഇന്ത്യയും കാനഡയും തമ്മില്‍ നല്ല ബന്ധമാണെന്ന് പറഞ്ഞ ട്രൂഡോ, പക്ഷേ കാനഡയുടെ സുരക്ഷയെ ബാധിക്കുന്ന ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. നിലവിലെ സംഭവവികാസങ്ങളില്‍ കാനഡയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആശങ്ക മനസിലാകുമെന്ന് പറഞ്ഞ ട്രൂഡോ, പക്ഷേ കാനഡയുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഇത്തരം നടപടികള്‍ ഏറെ അനിവാര്യമാണെന്നും വ്യക്തമാക്കി.