കാമുകനെ തട‌യാൻ വ്യാജബോംബ് ഭീഷണി നടത്തിയ യുവതി കസ്റ്റഡിയിൽ

കാമുകനെ തട‌യാൻ വ്യാജബോംബ് ഭീഷണി നടത്തിയ യുവതി കസ്റ്റഡിയിൽ

ബെം​ഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹെൽപ്പ് ലൈനിലേക്ക് വ്യാജ ബോംബ് ഭീഷണി നടത്തിയ യുവതി കസ്റ്റഡിയിൽ. തന്റെ കാമുകൻ മുംബൈയിലേക്കുള്ള വിമാനത്തിൽ കയറുന്നത് തടയാനായിരുന്നു യുവതി ബോംബ് ഭീഷണി മുഴക്കിയതെന്നാണ് റിപ്പോർട്ട്. ജൂൺ 26നാണ് സംഭവം. പൊതു ദ്രോഹത്തിലേക്ക് നയിക്കുന്ന പ്രസ്താവനകൾ നടത്തിയതിന് യുവതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് പറക്കാനിരുന്ന കാമുകൻ മിർ റാസ മെഹ്ദി തൻ്റെ ലഗേജിൽ ബോംബ് കരുതിയിരുന്നതായി ഇന്ദ്ര രാജ്വർ എന്ന യുവതി എയർപോർട്ട് അധികൃതരെ അറിയിച്ചു. മെഹ്ദിയെ വിശദമായി പരിശോധിച്ചെങ്കിലും സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. കൂടുതൽ പരിശോധനയിൽ ഇരുവരും അന്ന് വൈകുന്നേരം വിമാനത്താവളത്തിൽ ഉണ്ടായിരുന്നെന്ന് കണ്ടെത്തി.

വ്യാജ കോൾ വിളിക്കുന്നതിന് മുമ്പ് അവർ ഡിപ്പാർച്ചർ ലോഞ്ചിൽ സംസാരിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. യുവതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചു. കാമുകനുമായുള്ള വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങൾ കാരണമാണ് വ്യാജഭീഷണി മുഴക്കിയതെന്ന് യുവതി സമ്മതിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )