ബിജെപി അങ്ങോട്ട് മാറി നിന്ന് കരയൂ…വിനേഷിന്റെ കൈപിടിച്ച് ജുലാന

ബിജെപി അങ്ങോട്ട് മാറി നിന്ന് കരയൂ…വിനേഷിന്റെ കൈപിടിച്ച് ജുലാന

ഹരിയാനയില്‍ കന്നിയങ്കത്തിനിറങ്ങിയ ഗുസ്തി താരം വിനേഷ് ഫോഗട്ട് ജയിച്ചു.6140 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിനേഷിന്റെ ജയം. അങ്ങനെ ഗുസ്തിതാരവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ വിനേഷ് ഫോഗട്ടിന് ഹരിയാനയുടെ സ്വര്‍ണം. സ്വര്‍ണ്ണം. ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിട്ടാണ് ഫോഗട്ട് ജനവിധി തേടിയത്. ബിജെപിയുടെ യുവനേതാവ് ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗിയെയാണ് ഫോഗട്ട് തെരഞ്ഞെടുപ്പ് ഗോദയില്‍ മലര്‍ത്തിയടിച്ചത്.

പാരീസ് ഒളിമ്പിക്‌സില്‍ ഫൈനലിലെത്തിയ വിനേഷ് ഫോഗട്ട് ഭാരക്കൂടുതലിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ടിരുന്നു. പിന്നീട് രാജിവച്ച് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. വിനേഷിനൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്ന ബജരംഗ് പൂനിയയെ കിസാന്‍ കോണ്‍ഗ്രസിന്റെ ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ആക്കിയിരുന്നു. 9 റൗണ്ട് വോട്ടെണ്ണിയപ്പോള്‍ തന്നെ 5231 വോട്ടുകള്‍ക്ക് ഫോഗട്ട് മുന്നിലായിരുന്നു വിനേഷ്. ബിജെപിയുടെ യുവനേതാവ് ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗിയാണ് ഫോഗട്ടിന്റെ എതിരാളി. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഫോഗട്ടാണ് മുന്നിലെങ്കിലും ഒരു ഘട്ടത്തില്‍ താഴെപ്പോയിരുന്നു.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നില മാറിമറിഞ്ഞ മത്സരമായിരുന്നു ജുലാനയിലേത്. എന്നാല്‍ വോട്ടെണ്ണലിന്റെ അവസാനഘട്ടത്തില്‍ മുന്നോട്ട് കുതിച്ച വിനേഷ് അവസാന രണ്ട് റൗണ്ട് വോട്ടുകള്‍ എണ്ണാന്‍ ശേഷിക്കെ തന്നെ വിജയം ഉറപ്പിക്കുകയായിരുന്നു. ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങളില്‍ നേതൃനിരയില്‍ നിന്ന് പോരാടിയ വിനേഷ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദം നേരിട്ടിരുന്നു. മാത്രമല്ല, ഡല്‍ഹിയിലെ തെരുവില്‍ വിനേഷടക്കുള്ള ഗുസ്തി താരങ്ങളെ വലിച്ചിഴയ്ക്കുന്നതും ലോകം കണ്ടതാണ്. ഒളിമ്പിക്‌സില്‍ നിന്ന് അയോഗ്യയായതോടെ ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വിനേഷ് ഫോഗട്ട് പിന്നാലെ കോണ്‍ഗ്രസില്‍ ചേരുകയും ഹരിയാനയില്‍ നിന്ന് മത്സരിക്കുന്നതായി പ്രഖ്യാപിക്കുകയുമായിരുന്നു.

ബിജെപി നേതാവും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റുമായ ബ്രിജ്ഭൂഷണ്‍ ചരണ്‍ സിംഗിനെതിരായിരുന്നു ഗുസ്തിതാരങ്ങളുടെ പോരാട്ടം. വിനേഷിന്റെ പരാജയത്തെ രാജ്യം നോക്കിക്കണ്ടതും ഈ പശ്ചാത്തലത്തിലാണ്. അയോഗ്യയായി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിനേഷിന് ജനം വലിയ സ്വീകരണം നല്‍കി. ഹരിയാന ഇരു കൈയും നീട്ടി സ്വീകരിച്ചു. കണ്ണുനിറഞ്ഞാണ് അന്ന് വിനേഷ് ജനങ്ങള്‍ക്ക് നേരെ കൈവീശിയത്. ഒളിംപിക്‌സില്‍ ഫോഗട്ട് വഞ്ചന കാണിച്ചുവെന്നായിരുന്നു ബ്രിജ്ഭൂഷന്‍ അന്ന് പ്രതികരിച്ചത്. എന്നാല്‍ ‘ബ്രിജ്ഭൂഷണ്‍ അല്ലല്ലോ രാജ്യം, ഇവിടുത്തെ ജനങ്ങള്‍ എനിക്കൊപ്പമാണ്, അവരെന്റെ സ്വന്തമാണ്. ബ്രിജ്ഭൂഷണ്‍ എന്നൊരാള്‍ ഉള്ളതായി പോലും ഞാന്‍ കണക്കാക്കുന്നില്ല’ എന്ന മറുപടിയോടെ വിനേഷ് ഫോഗട്ട് അതിനെ തള്ളി. വിനേഷിന്റെ വിശ്വാസം തെറ്റിയില്ല, ജനം വിനേഷിനെ ചേര്‍ത്തു നിര്‍ത്തി, രാഷ്ട്രീയത്തില്‍ സ്വര്‍ണമെഡലും സമ്മാനിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )