സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനുമായി സഹകരിക്കുമെന്ന് വിസി

സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനുമായി സഹകരിക്കുമെന്ന് വിസി

ന്യൂഡല്‍ഹി: സിദ്ധാര്‍ഥന്റെ മരണത്തില്‍ ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനുമായി സഹകരിക്കുമെന്ന് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ എസ് അനില്‍. അന്വേഷണത്തിനുള്ള പണം സര്‍വകലാശാല നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാര്‍ഥന്റെ കുടുംബത്തെ കണ്ടതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുതിയ വിസിയുടെ ഇടപെടലില്‍ പ്രതീക്ഷയുണ്ടെന്ന് കുടുംബം പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് വെറ്ററിനറി സര്‍വകലാശാല വിസിയായി ഡോ. കെ എസ് അനില്‍ ചുമതലയേറ്റത്. ഇന്ന് രാവിലെയാണ് വിസി സിദ്ധാര്‍ത്ഥന്റെ വീട്ടിലെത്തിയത്. സിദ്ധാര്‍ഥന്റെ കുടുംബത്തിന് വേണ്ടി ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്നും അന്വേഷണത്തിനു പൂര്‍ണ സഹകരണം നല്‍കുമെന്നും വിസി പറഞ്ഞു.

വിസിയോട് എല്ലാ കാര്യങ്ങളും വിശദമായി സംസാരിച്ചെന്ന് സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് പ്രതികരിച്ചു. അന്വേഷണ കമ്മീഷനെ നിയോഗിച്ചതില്‍ സന്തോഷമുണ്ടെന്നും ജയപ്രകാശ് പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു സിദ്ധാര്‍ഥന്റെ മരണത്തില്‍ ഗവര്‍ണര്‍ അന്വേഷണം പ്രഖ്യാപിച്ചത്. മുന്‍ ഹൈക്കോടതി ജഡ്ജി എ ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിർദേശം.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )