ജൂലൈ 23ന് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര ബജറ്റ്; ആദായ നികുതിയില്‍ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ നികുതിദായകര്‍

ജൂലൈ 23ന് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര ബജറ്റ്; ആദായ നികുതിയില്‍ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ നികുതിദായകര്‍

ദായ നികുതിയില്‍ ഇളവ് നല്‍കുന്ന സുപ്രധാന പ്രഖ്യാപനം, വരുന്ന 23ആം തീയതി അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തമാകുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കാതിരുന്ന സാഹചര്യത്തില്‍ ഇടത്തരം വരുമാനക്കാര്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ആദായ നികുതി ഘടനയില്‍ പരിഷ്‌കരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടുതന്നെ ഇത് രാഷ്ട്രീയ നേട്ടത്തിന് സഹായിക്കുമെന്നും കേന്ദ്രം കരുതുന്നു.

കൂടാതെ ആദായനികുതി വരുമാനത്തില്‍ ഗണ്യമായ വര്‍ധനയും രേഖപ്പെടുത്തുന്നുണ്ട്. ഇകണോമിക് ടൈംസ് നടത്തിയ സര്‍വേയില്‍ 56 ശതമാനം പേരും ആദായ നികുതിയില്‍ ഇളവുണ്ടായേക്കുമെന്ന പ്രതീക്ഷ പങ്കുവച്ചു. പുതിയ ആദായ നികുതി വ്യവസ്ഥ പ്രകാരം 15 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതി ഇളവുകള്‍ നല്‍കണമെന്ന് സര്‍വേയില്‍ പങ്കെടുത്ത 53 ശതമാനം പേരും ആവശ്യപ്പെട്ടു.

ഇരുപത് ശതമാനത്തിലധികം പേരും സെക്ഷന്‍ 80 സി പ്രകാരമുള്ള ഇളവുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അതേ സമയം 14 ശതമാനത്തിലധികം പേര്‍ സെക്ഷന്‍ 80 സി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ പുതിയ നികുതി വ്യവസ്ഥയിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ഉയര്‍ന്ന സ്ലാബുകളിലുള്ളവര്‍ക്ക് ബാധകമായ നികുതി നിരക്ക് സര്‍ക്കാര്‍ വര്‍ധിപ്പിക്കുമെന്നും താഴ്ന്ന സ്ലാബുകളിലുള്ളവര്‍ക്ക് നിരക്ക് കുറയ്ക്കുമെന്നും 11 ശതമാനത്തിലധികം പേര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

പ്രത്യക്ഷ നികുതി വരുമാനത്തില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള നികുതി പിരിവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് വരെ 20 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ആദായ നികുതി വരുമാനമാണ്. 3.61 ലക്ഷം കോടിയാണ് ആദായ നികുതിയില്‍ നിന്നും ഇതുവരെയുള്ള മൊത്തം വരുമാനം. ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും ആദായ നികുതിയില്‍ നിന്നുമുള്ള വരുമാനം 11.56 ലക്ഷം കോടിയായിരിക്കുമെന്ന കഴിഞ്ഞ ഇടക്കാല ബജറ്റിലെ അനുമാനം, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 ശതമാനം കൂടുതലാണിത്. ഈ സാഹചര്യത്തില്‍ നികുതി ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )