ലൈഫ് ​ഗാർഡിന്റെ നിർദേശം അവ​ഗണിച്ചു; വർക്കലയിൽ കടലിലിറങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം

ലൈഫ് ​ഗാർഡിന്റെ നിർദേശം അവ​ഗണിച്ചു; വർക്കലയിൽ കടലിലിറങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം

വര്‍ക്കല: വര്‍ക്കലയില്‍ തിരയില്‍പ്പെട്ട് തമിഴ്‌നാട് സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. തമിഴ്‌നാട് അരിയന്നൂര്‍ സ്വദേശി സതീഷ് കുമാര്‍ (19) ആണ് മരിച്ചത്. തിരുവമ്പാടി ബ്ലാക്ക് ബീച്ചിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്കായിരുന്നു സംഭവം. സതീഷ് ഉൾപ്പെട്ട പത്തം​ഗ സംഘം ബുധനാഴ്ചയാണ് വർക്കലയിലെത്തിയത്.

വ്യാഴാഴ്ച രാവിലെ പതിനൊന്നിന് തിരുവമ്പാടി തീരത്തെത്തിയ ഇവർ ഓടയം ഭാഗത്തേക്കാണ് പോയത്. കടലില്‍ ഇറങ്ങരുതെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയെങ്കിലും സംഘം ഇത് അവ​ഗണിക്കുകയായിരുന്നു. ഇവർ കടലിൽ ഇറങ്ങി കുളിക്കുന്നതിനിടെ സതീഷ് തിരയില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.

അടിയൊഴുക്കില്‍പ്പെട്ട് തിരുവമ്പാടി ഭാഗത്തേക്ക് നീങ്ങിയ സതീഷിനെ ലൈഫ് ഗാര്‍ഡ് ഏറെ പരിശ്രമിച്ച് കരയ്ക്കെത്തിച്ചു. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സതീഷിന്റെ ജീവൻ രക്ഷിക്കാനായില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ ലൈഫ് ഗാര്‍ഡ് മനുവിനും പരിക്കേറ്റു. എസ്.ആര്‍.എം. എന്‍ജിനീയറിങ് കോളേജിലെ ബി.ടെക് മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായിരുന്നു സതീഷ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )