കേസുകള്‍ തനിക്ക് പുത്തരിയല്ല. തിരൂര്‍ സതീഷ് സിപിഐഎമ്മിന്റെ ടൂള്‍; ശോഭാ സുരേന്ദ്രന്‍
തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസ് ആരോപണങ്ങളില്‍ മറുപടിയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വലിയ വിജയത്തിലേക്ക് പോകുമ്പോള്‍ രാഷ്ട്രീയ ടൂളിനെ രംഗത്തിറക്കിയിരിക്കുകയാണ് എകെജി സെന്ററും പിണറായി വിജയനുമെന്ന് അവര്‍ ആരോപിച്ചു. ‘ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആണെങ്കില്‍ ഇത്തരമൊരു സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ തിരൂര്‍ സതീഷ് പോകേണ്ടത് ആര്‍എസ്എസിന്റെ സംസ്ഥാന കാര്യാലയത്തിലേക്കാണ്. ഇത്തരമൊരു ഉപകരണത്തെ ഉപയോഗിച്ച് ശോഭാസുരേന്ദ്രനെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണ്’, അവര്‍ കൂട്ടിച്ചേര്‍ത്തു.
കേസുകള്‍ തനിക്ക് പുത്തരിയല്ലെന്നും താന്‍ നൂലില്‍ കെട്ടി ഇറങ്ങിയ ആളല്ലെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നല്ല തന്റേടത്തോടെ, ലാത്തിച്ചാര്‍ജുവരെ ഏറ്റുവാങ്ങിയ നേതാവാണ് താന്‍. തനിക്കൊരു ഗോഡ് ഫാദര്‍ ഇല്ല. പ്രവര്‍ത്തകര്‍ക്കൊപ്പം ശാരീരിക പ്രതിസന്ധികള്‍ പോലും നോക്കാതെ നിന്നിട്ടുള്ള ആളാണ്. എന്താണ് തന്റെ അയോഗ്യതയെന്നും അവര്‍ ചോദിച്ചു. കൊടകര കുഴല്‍പ്പണക്കേസില്‍ സതീഷ് തന്നോട് സംസാരിച്ചിട്ടില്ല. തന്നെ കാണാന്‍ ഇതുവരെ സതീഷ് വന്നിട്ടില്ല. സതീഷിന്റെ വീട്ടില്‍ ഒരിക്കലും പോയിട്ടില്ല. സതീഷ് പണം വാങ്ങി ശ്രമിക്കുന്നത്, പാര്‍ട്ടിയെ തകര്‍ക്കാനും ശോഭയെ തകര്‍ക്കാനുമാണ്. തന്റെ യുദ്ധം മുഖ്യമന്ത്രിക്കെതിരെയും ഇ പി ജയരാജനെതിരെയുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടിലും ഡല്‍ഹിയിലും രാമനിലയത്തിലും ഇ പി ജയരാജനെ കണ്ടു. ജയരാജനും താനും തന്റെ മുറിയില്‍വെച്ച് കൂടിക്കാഴ്ച നടത്തി. ഡല്‍ഹി ലളിത് ഹോട്ടലിലാണ് ജയരാജനുമായി കൂടിക്കാഴ്ച നടത്തിയത്. ഇത്ര നിലവാരം കുറഞ്ഞ ആളാണെങ്കില്‍ തന്നെ കാണാന്‍ എന്തിന് ജയരാജന്‍ വന്നുവെന്ന് ചോദിച്ച ശോഭ ഇ പിയുടെയും തന്റെയും ഫോണ്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പറഞ്ഞു. എകെജി സെന്ററിനുള്ള മറുപടിയാണ് ഈ പത്രസമ്മേളനമെന്നും അവര്‍ പറഞ്ഞു.