രാഷ്ടീയത്തില്‍ നേതാക്കള്‍ തണലിലും അണികള്‍ വെയിലത്തുമാണ്. നെഞ്ചുവേദനിച്ചിട്ടാണ് ഈ തുറന്നുപറച്ചില്‍; പിവി അന്‍വര്‍

രാഷ്ടീയത്തില്‍ നേതാക്കള്‍ തണലിലും അണികള്‍ വെയിലത്തുമാണ്. നെഞ്ചുവേദനിച്ചിട്ടാണ് ഈ തുറന്നുപറച്ചില്‍; പിവി അന്‍വര്‍

പാലക്കാട്: പൊലീസിനും വ്യവസായ വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. താന്‍ അധ്വാനിച്ചാണ് ജീവിക്കുന്നത്. രാഷ്ട്രീയം ജീവനോപാധിയായി കാണുന്നില്ല. രാഷ്ടീയത്തില്‍ നേതാക്കള്‍ തണലിലും അണികള്‍ വെയിലത്തുമാണ്. അതിന് മാറ്റം വരണം. അടുത്ത പരിപാടികള്‍ക്ക് കാണികള്‍ക്ക് പന്തല്‍ ഇട്ടുനല്‍കണമെന്നും അന്‍വര്‍ പറഞ്ഞു.

സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്ന് പറഞ്ഞ അന്‍വര്‍ അതിനാലാണ് ആഫ്രിക്കയിലും അന്റാര്‍ട്ടിക്കയിലും പോയി ബിസിനസ്സ് ചെയ്യേണ്ടി വന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു. പാലക്കാട് അലനെല്ലൂരില്‍ വ്യാപാരി വ്യവസായ ഏകോപന സമിതി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പി വി അന്‍വര്‍. എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ഒരിക്കലും ശത്രുക്കളല്ല. പൊലീസിനകത്ത് ക്രിമിനല്‍ സംഘത്തെ വളര്‍ത്തിയെടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അത് തടയണം. പ്രതികരണശേഷിയില്ലാതെയാണ് ഇന്നത്തെ തലമുറ വളരുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു.

പൊലീസ് ക്രൂരതകളുടെ ഇരയായ നിരപരാധികളുടെ കുടുംബങ്ങളെ വിളിച്ചുചേര്‍ത്ത് യോഗം നടത്തും. ഡാന്‍സാഫ് സംഘത്തിന്റെ കള്ളക്കളികളില്‍ നിരപരാധികള്‍ കുടുങ്ങുന്നു. ഇത് കണ്ടിട്ടും കാണാത്തതുപോലെ താന്‍ നടക്കണോയെന്നും പി വി അന്‍വര്‍ ചോദിച്ചു. ലഹരി വില്‍പ്പന നടത്തുന്നതും അതിന്റെ പങ്കുപറ്റുന്നതും പൊലീസാണ്. കണ്ണില്‍ ചോരയില്ലാത്ത വര്‍ഗമാണ് ചില ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍. നെഞ്ചുവേദനിച്ചിട്ടാണ് ഈ തുറന്നുപറച്ചില്‍ എന്നും പി വി അന്‍വര്‍ പറഞ്ഞു.

ആരും ആരുടേയും അടിമയാകാതിരിക്കാന്‍ ശ്രമിക്കണം. രാഷ്ട്രീയം ഓരോരുത്തരുടെയും സ്വയംരക്ഷയ്ക്കാണ്. നല്ലതിനെ നല്ലതെന്നും അല്ലാത്തത് വിളിച്ചുപറയാനും പറ്റണം. വ്യവസായ വകുപ്പ് മന്ത്രി ഈ നാട്ടില്‍ ഉണ്ട്. വ്യാപാരികളെ കൂടി മന്ത്രി കൂടെ കൂട്ടണം. നിയമസഭ സമ്മേളനത്തില്‍ ഇത്തവണ സംസാരിക്കാന്‍ അവസരം കിട്ടിയാല്‍ താന്‍ അവിടെ വ്യാപാരികള്‍ക്കായി ചിലത് പറയാമെന്നും അന്‍വര്‍ ഉറപ്പ് നല്‍കി. പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ അന്‍വറിനെതിരെ കേസെടുത്തിരുന്നു. ഇതിനോടും അദ്ദേഹം പ്രതികരിച്ചു. കേസ് എടുത്തോട്ടെ എന്നായിരുന്നു പ്രതികരണം. കേസ് എടുക്കുമെന്ന കാര്യം ആദ്യമേ പറഞ്ഞതാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )