ദേശീയ മാധ്യമത്തിന് അഭിമുഖം നല്‍കിയത് സംഘപരിവാറിനെ സന്തോഷിപ്പിക്കാനാണ്. പിണറായി ആദ്യം എംഎല്‍എ ആയത് ആര്‍എസ്എസ് പിന്തുണയോടെ: വി ഡി സതീശന്‍

ദേശീയ മാധ്യമത്തിന് അഭിമുഖം നല്‍കിയത് സംഘപരിവാറിനെ സന്തോഷിപ്പിക്കാനാണ്. പിണറായി ആദ്യം എംഎല്‍എ ആയത് ആര്‍എസ്എസ് പിന്തുണയോടെ: വി ഡി സതീശന്‍

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പിണറായി ആദ്യം എംഎല്‍എ ആയത് ആര്‍എസ്എസ് പിന്തുണയോടെയാണെന്നും വര്‍ഗീയതയുമായി മുഖ്യമന്ത്രി സന്ധിചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. ആര്‍എസ്എസ് ദൂതനായിരുന്നു എം ആര്‍ അജിത് കുമാര്‍. മുഖ്യമന്ത്രി പിണറായി വിജനാണ് അജിത് കുമാറിനെ അയച്ചത്. ജമാ അത്തെ ഇസ്ലാമി വര്‍ഗീയ പാര്‍ട്ടിയാണെന്ന് ഇപ്പോഴാണ് മുഖ്യമന്ത്രി പറയുന്നത്. നേരത്തെ അവര്‍ പിന്തുണ നല്‍കിയ സംഘടനയാണത്. ഇപ്പോഴുള്ള ഈ നിലപാട് ശുദ്ധ തട്ടിപ്പാണ്. എന്‍സിപി എംഎല്‍എമാര്‍ക്ക് അന്‍പത് കോടി ഓഫര്‍ ചെയ്തത് മുഖ്യമന്ത്രിക്ക് അറിയാം. ഇക്കാര്യം അറിഞ്ഞിട്ടും മുഖ്യമന്ത്രി മൗനം പാലിച്ചത് ആര്‍എസ്എസ് ബന്ധത്തിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം ഇതിന്റെ തുടര്‍ച്ചയാണ്. ദേശീയ മാധ്യമത്തിന് അഭിമുഖം നല്‍കിയത് സംഘപരിവാറിനെ സന്തോഷിപ്പിക്കാനാണ്. കേസുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും കോണ്‍ഗ്രസ് വര്‍ഗീയതയുമായി സഹകരിക്കില്ലെന്നും സതീശന്‍ പറഞ്ഞു. പി പി ദിവ്യയെ പൊലീസ് സംരക്ഷിക്കുകയാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, നവീന്‍ ബാബുവിന്റെ കുടുംബത്തോട് സര്‍ക്കാര്‍ നുണ പറയുകയാണെന്നും ആരോപിച്ചു.

എകെജി സെന്ററിലാണ് നവീന്‍ ബാബുവിനെതിരായ കത്ത് തയ്യാറാക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് പ്രശാന്തന്‍ കത്ത് തയ്യാറാക്കിയത്. പാലക്കാട് സിപിഐഎമ്മിനാണ് തിരിച്ചടി നേരിട്ടത്. കോണ്‍ഗ്രസ് പാലക്കാട് ഒറ്റക്കെട്ടാണ്. ഒരു ടീമായാണ് അവിടെ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. രാഹുലിനെയും രമ്യയെയും വിജയിപ്പിക്കുക മാത്രമാണ് ലക്ഷ്യം. സിപിഐഎമ്മിനെ ബാധിച്ച ജീര്‍ണത ഇടത് മുന്നണിയുടെ നാശത്തിന് കാരണമാവും. ഇടത് മുന്നണിയില്‍ ഐക്യമില്ല. എന്‍സിപി, ജനതാദള്‍ എന്നിവര്‍ക്കൊക്കെ വ്യത്യസ്ത നിലപാടാണ്. ഒരു കാര്യത്തിലും അവിടെ ഏകാഭിപ്രായമില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )