നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ ജാമ്യവ്യവസ്ഥകളില്‍ കോടതി ഇന്ന് വാദം കേള്‍ക്കും

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ ജാമ്യവ്യവസ്ഥകളില്‍ കോടതി ഇന്ന് വാദം കേള്‍ക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ ജാമ്യവ്യവസ്ഥകളില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. വിചാരണ കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വാദം കേള്‍ക്കുക. പള്‍സര്‍ സുനിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ ഇന്നലെ പ്രതിഭാഗം സുപ്രിംകോടതി ഉത്തരവ് വിചാരണ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

പള്‍സര്‍ സുനിക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ജാമ്യം നല്‍കണമെന്നാണ് സുപ്രിം കോടതി നിര്‍ദേശം. സുനിയുടെ കാര്യത്തില്‍ കടുത്ത ജാമ്യ വ്യവസ്ഥകള്‍ വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. അതിനിടെ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കേസിലെ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയും കോടതി ഇതോടൊപ്പം പരിഗണിക്കും.

ചൊവ്വാഴ്ചയാണ് സുനിക്ക് ജാമ്യം ലഭിച്ചത്. വിചാരണ നീണ്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതിയാണ് ജാമ്യം അനുവദിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ജാമ്യം നല്‍കുന്നതിനിടെ എതിര്‍ത്തിരുന്നു. ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഏഴ് വര്‍ഷമായി താന്‍ ജയിലിലാണെന്നും വിചാരണ നീളുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സുനിയുടെ വാദം. നിരന്തരം ജാമ്യാപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി പള്‍സര്‍ സുനിക്ക് പിഴ ചുമത്തിയിരുന്നു. ഇത് സുപ്രിംകോടതി നേരത്തെ റദ്ദാക്കിയിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )