തിയേറ്ററുകളില്‍ കുട്ടികൾക്ക് സമയ വിലക്ക്; ഉത്തരവ് ഇറക്കി തെലങ്കാന ഹൈക്കോടതി
തെലങ്കാന: തെലങ്കാനയിൽ തിയേറ്ററുകളില്‍ കുട്ടികൾക്ക് സമയ വിലക്ക് ഏർപ്പെടുത്തി തെലങ്കാന ഹൈക്കോടതി. പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവത്തെ തുടർന്നാണ് 16 വയസിൽ താഴെ പ്രായമുള്ളവർക്ക് പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചത്. രാവിലെ 11 മണിക്ക് മുൻപും രാത്രി 11 മണിക്കുശേഷവും 16 വയസിൽ താഴെയുള്ളവരെ സിനിമാ തിയേറ്ററുകളിൽ പ്രവേശിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിർദേശം.
ജസ്റ്റിസ് വിജയ്സെൻ റെഡ്ഡിയുടേതാണ് ഉത്തരവ്. രാവിലെയും രാത്രിയിലും സിനിമാ പ്രദർശനം കാണാൻ കുട്ടികളെ വിലക്കുന്ന സിനിമാട്ടോഗ്രാഫി ആക്ട് നിയമങ്ങൾ അദ്ദേഹം ഉദ്ധരിച്ചു. അത്തരം നിയന്ത്രണങ്ങൾ എത്രത്തോളം പ്രധാനമാണെന്ന് കാണിക്കുന്നതിന് പുഷ്പ 2 റിലീസ് ദിവസമുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്തു.
ഉത്തരവ് നിർബന്ധമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി സംസ്ഥാന സർക്കാരിനോടും തിയേറ്ററുകളോടും കോടതി നിർദേശിച്ചു. ടിക്കറ്റ് നിരക്കിലെ വർധനവ്, തെലങ്കാനയിൽ സിനിമകൾക്ക് പ്രത്യേക പ്രദർശനം അനുവദിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.