തകരാറുള്ള പേടകത്തില്‍ തിരികെ വരുന്നത് ഭീഷണി. സ്റ്റാര്‍ലൈനര്‍ തിരികെ വരുന്നു; സുനിത വില്യംസും ബുച്ച് വില്‍മോറും ഇല്ലാതെ
കാത്തിരിപ്പിനൊടുവിൽ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം തിരിച്ച് ഭൂമിയിലേക്ക് എത്തുന്നു. സെപ്റ്റംബര്‍ ആറിനാണ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് തിരിക്കുകയെന്ന് നാസ ഔദ്യോഗികമായി അറിയിച്ചു. സാങ്കേതിക പ്രശ്‌നങ്ങളോ കാലാവസ്ഥയോ കാരണം ഇതില്‍ മാറ്റം വന്നേക്കാം.
തകരാറുള്ള പേടകത്തില്‍ തിരികെ വരുന്നത് ഭീഷണിയാവുമെന്നതിനാല്‍ സുനിത വില്യംസും, ബച്ച് വില്‍മറും ഇല്ലാതെയാണ് പേടകം തിരിച്ചിറക്കുന്നത്. സഞ്ചാരികളെ ഫെബ്രുവരിയില്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് തിരികെ വരുന്ന സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ക്രൂ പേടകത്തിലാണ് തിരിച്ചെത്തിക്കുക.
ജൂണ്‍ അഞ്ചിന് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബച്ച് വില്‍മറിനേയും വഹിച്ച് പുറപ്പെട്ട പേടകമാണ് ബോയിങ് സ്റ്റാര്‍ലൈനര്‍. മനുഷ്യരെ വഹിച്ചുള്ള പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്. എന്നാല്‍ യാത്രയ്ക്കിടെയുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളിലെ തകരാറും കാരണം ദിവസങ്ങള്‍ മാത്രം കണക്കാക്കിയിരുന്ന ദൗത്യം രണ്ട് മാസത്തോളം നീണ്ടു.
സെപ്റ്റംബര്‍ ആറിന് ഇന്ത്യന്‍ സമയം വൈകീട്ട് 3.30 ന് ആണ് പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പെടുക. ആറ് മണിക്കൂറിന് ശേഷം ന്യൂ മെക്‌സിക്കോയിലെ വൈറ്റ് സാന്റ്‌സ് സ്‌പേസ് ഹാര്‍ബറില്‍ പാരച്യൂട്ടുകളുടെ സഹായത്തോടെ പേടകം ഭൂമിയിലിറങ്ങും.