അതിജീവിതകള്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് ഗായിക ചിന്മയി
ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തിലെ സിനിമ രംഗത്തെ ലൈംഗികാതിക്രമങ്ങളെ ചെറുക്കാന്‍ കൂടുതല്‍ സ്ത്രീകളെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ ”മീ ടൂ” പ്രസ്ഥാനത്തിന്റെ പ്രധാന പ്രയോക്താവായ പ്രശസ്ത ഗായിക ചിന്മയി ശ്രീപാദ. രാജിവെച്ച സിദ്ദിഖും രഞ്ജിത്തും മാത്രമല്ല കേരള സിനിമാ മേഖലയില്‍ ലൈംഗികാരോപണം നേരിടുന്നതെന്ന് ചിന്മയി മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ മീടു ആരോപണം നടത്തിയതിന്റെ ഫലമായി തനിക്ക് വലിയ നഷ്ടം നേരിടേണ്ടി വന്നുവെന്ന് ചിന്മയി അഭിമുഖത്തില്‍ പറയുന്നു. ജീവനോപാധി നഷ്ടപ്പെടുന്നതും ലൈംഗിക കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിലെ വെല്ലുവിളികളും ഉള്‍പ്പെടെ നീതി ലഭിക്കുന്നതില്‍ അതിജീവിതകള്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് ചിന്മയി എടുത്തുപറഞ്ഞു.
ഗാനരചയിതാവ് വൈരമുത്തുവിനും നടന്‍ രാധാ രവിക്കുമെതിരെ പീഡനാരോപണങ്ങള്‍ ഉന്നയിച്ചതിന് ശേഷം, ഡബ്ബിംഗില്‍ നിന്ന് വിലക്കപ്പെട്ടതിന്റെ സ്വന്തം അനുഭവം ഉദ്ധരിച്ചുകൊണ്ട്. ഇത്തരം ആരോപണങ്ങളില്‍ വേഗമേറിയതും സെന്‍സിറ്റീവുമായ ഒരു നീതിന്യായ വ്യവസ്ഥയുടെ ആവശ്യകതയുണ്ടെന്ന് ചിന്മയി പറഞ്ഞു.
ഇപ്പോഴത്തെ സംവിധാനങ്ങള്‍ പോലീസ് പരാതികള്‍ ഫയല്‍ ചെയ്യുന്നതില്‍ പോലും ബുദ്ധിമുട്ടാക്കുന്നുണ്ട്. പലപ്പോഴും പൊലീസ് നടപടികള്‍ ശരിക്കും വലിയ വെല്ലുവിളിയാണ് അതിജീവിതയ്ക്ക് ഉണ്ടാക്കുന്നത്. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന മലയാള സിനിമ രംഗത്തെ അഭിനേതാക്കളെയും അതിജീവിതകളെയും ചിന്മയി അഭിനന്ദിക്കുകയും, മറ്റ് സിനിമ രംഗങ്ങളിലുള്ളവരും ഇത് പിന്തുടരണമെന്ന് ആഗ്രഹിക്കുന്നതായും ചിന്മയി പറഞ്ഞു.
ഇത്തരം ആരോപണങ്ങളില്‍ നിയമ സംവിധാനം വേഗത്തിലാക്കാനാണ് ഐസിസി സംവിധാനം കൊണ്ടുവന്നതെങ്കിലും അത് പ്രവര്‍ത്തിക്കുന്നില്ല. ദേശീയ വനിതാ കമ്മീഷനില്‍ നിന്നടക്കം വലി ഇടപെടലാണ് ഈ വിഷയത്തില്‍ വേണ്ടത്.