ഇടയ്‌ക്കൊക്കെ വിദ്വേഷവും വൈരാഗ്യവും മാറ്റി മനുഷ്യനെ പോലെ നടക്കണം; പ്രചരണത്തില്‍ സന്ദീപ് വാര്യര്‍

ഇടയ്‌ക്കൊക്കെ വിദ്വേഷവും വൈരാഗ്യവും മാറ്റി മനുഷ്യനെ പോലെ നടക്കണം; പ്രചരണത്തില്‍ സന്ദീപ് വാര്യര്‍

പാലക്കാട്: കോണ്‍ഗ്രസ് വിജയാഹ്ലാദത്തിലെ ചില വീഡിയോ ക്ലിപ്പുകള്‍ പങ്കുവെച്ച് തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങളില്‍ പ്രതികരിച്ച് സന്ദീപ് വാര്യര്‍. ഇടയ്‌ക്കൊക്കെ വിദ്വേഷവും വൈരാഗ്യവും മാറ്റിവെച്ച് മനുഷ്യനെ പോലെ പുറത്തിറങ്ങി നടക്കണമെന്നാണ് തന്റെ ‘പഴയ സഹപ്രവര്‍ത്തകരോട്’ പറയാനുള്ളതെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. തനിക്ക് കോണ്‍ഗ്രസില്‍ നിന്നും ലഭിക്കുന്ന കരുതലും സ്‌നേഹവും വര്‍ണ്ണിക്കാന്‍ ആവുന്നതിലും അപ്പുറമാണെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കിലൂടെ മറുപടി നല്‍കി.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

ഇന്നലെ വിജയാഹ്ലാദ പ്രകടനത്തിനിടക്ക് പ്രിയപ്പെട്ട വി കെ ശ്രീകണ്ഠന്‍ എംപി ഒരു പണി പറ്റിച്ചു. കേക്ക് മുറിച്ച് ഷാഫി പറമ്പിലിന്റെയും എന്റെയും മുഖത്തുകൂടി തേച്ചു. ഷാഫി തിരികെ ശ്രീകണ്‌ഠേട്ടന്റെ മുഖത്തും കേക്ക് തേച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ കേക്ക് ഒട്ടിപ്പിടിക്കാന്‍ തുടങ്ങി. എന്റെ മുഖത്ത് കേക്ക് അപ്പോള്‍ തന്നെ ഞാന്‍ തുടച്ചു കളഞ്ഞു. എനിക്ക് താടി ഇല്ലല്ലോ. ഷാഫിയുടെ താടിയിലാകെ ശ്രീകണ്‌ഠേട്ടന്‍ തേച്ച കേക്ക് പറ്റിയിരിക്കുന്നു. എത്ര തുടച്ചു കളഞ്ഞിട്ടും ഷാഫിയുടെ മുഖത്ത് നിന്ന് അത് പോകുന്നില്ല. ഷാഫി എന്നോട് ചോദിച്ചു ‘ ഇനി മുഖത്ത് കേക്കിന്റെ ഭാഗം എവിടെയെങ്കിലും ബാക്കിയുണ്ടോ? ‘. അപ്പോള്‍ ഷാഫിയുടെ മുഖത്ത് താടിയില്‍ പറ്റിയിരുന്ന കേക്കിന്റെ ചില ഭാഗങ്ങള്‍ ഞാന്‍ തുണി ഉപയോഗിച്ച് തട്ടിക്കളഞ്ഞതാണ് ഇന്നത്തെ എന്റെ പഴയകാല സഹപ്രവര്‍ത്തകരുടെ ഭയങ്കരമാന കണ്ടെത്തല്‍. കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ ചേര്‍ന്നത് മുതല്‍ ശ്രീകണ്‌ഠേട്ടനും ഷാഫിയും വിഷ്ണുവും രാഹുലും അബിനും ജ്യോതി കുമാറും മാത്യുവും പി കെ ഫിറോസും നജീബ് കാന്തപുരവും ഷംസുക്കയും അടക്കം എല്ലാ നേതാക്കളും എന്നോട് കാണിക്കുന്ന അടുപ്പവും സ്‌നേഹവും കരുതലും വര്‍ണ്ണിക്കാന്‍ ആവുന്നതിലപ്പുറമാണ്. അത് നിങ്ങള്‍ക്ക് മനസ്സിലാകില്ല എന്ന് മാത്രമേ എനിക്ക് എന്റെ പഴയകാല സഹപ്രവര്‍ത്തകരോട് പറയാനുള്ളൂ . ഇടയ്‌ക്കൊക്കെ വിദ്വേഷവും വൈരാഗ്യവും മാറ്റിവെച്ച് മനുഷ്യനെപ്പോലെ ഒന്നു പുറത്തിറങ്ങി നോക്കിയാല്‍ മതി. ഇത്തരം ചില സുന്ദര അനുഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകും. ശുഭരാത്രി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )