സെയ്ഫ് അലി ഖാന് കുത്തേറ്റു; നടൻ ആശുപത്രിയിൽ
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. മോഷണ ശ്രമത്തിനിടെയാണ് താരത്തിന് കുത്തേറ്റത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ബാന്ദ്രയിലെ വസതിയിൽ മോഷ്ടാക്കൾ ആക്രമിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് നടൻ. ശരീരത്തിൽ ആറ് മുറിവുകളുണ്ട്. രണ്ടെണ്ണം ആഴത്തിലുള്ളതാണ്.
വീട്ടിലുണ്ടായിരുന്നവർ ഉണർന്നതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടതായും ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു. ബാന്ദ്ര പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ്. പ്രതിയെ പിടികൂടാൻ നിരവധി പോലീസ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. മോഷ്ടാവുമായുള്ള ഏറ്റുമുട്ടലിൽ താരത്തിന് കുത്തേറ്റതാണെന്നാണ് കരുതുന്നത്. സംഭവത്തിൽ മുംബൈ ക്രൈംബ്രാഞ്ചും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.
“പുലർച്ചെ 3-30 ന് സെയ്ഫ് അലി ഖാനെ ലീലാവതിയിലേക്ക് (ആശുപത്രി) കൊണ്ടുവന്നു. അദ്ദേഹത്തിന് ആറ് പരിക്കുകളുണ്ട്, അതിൽ രണ്ടെണ്ണം ആഴത്തിലുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിനോട് അടുത്താണ്. ശസ്ത്രക്രിയക്ക് വിധേയനാക്കണം. ന്യൂറോ സർജൻ നിതിൻ ഡാങ്കെ, കോസ്‌മെറ്റിക് സർജൻ ലീന ജെയിൻ അനസ്‌തറ്റിസ്റ്റ് നിഷാ ഗാന്ധി എന്നിവരാണ് ശസ്ത്രക്രിയ നടത്തുന്നത്”ലീലാവതി ആശുപത്രി സിഇഒ നിരജ് ഉത്തമാനി പറഞ്ഞു.