കാർ തയാർ ആയിരുന്നില്ല; സെയ്ഫ് അലി ഖാനെ മകൻ ആശുപത്രിയിലെത്തിച്ചത് ഓട്ടോറിക്ഷയിൽ
മുംബൈ: അക്രമത്തിൽ ഗുരുതര പരിക്കേറ്റ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ മകൻ ഇബ്രാഹിം ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തിക്കാൻ കാർ നോക്കിയപ്പോൾ ഒന്നും ഇബ്രാഹിമിന്റെ ശ്രദ്ധയിൽ പെട്ടില്ല. തുടർന്ന് ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
54കാരനായ സെയ്ഫ് അലി ഖാന്റെ ശരീരത്തിൽ ആറ് മുറിവുകളാണുണ്ടായിരുന്നത്. അതിൽ രണ്ട് മുറിവുകൾ ആഴത്തിലുള്ളതായിരുന്നു. നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ട് താരം. അക്രമിയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെ 2.30നാണ് ബാന്ദ്രയിലെ വീട്ടിൽ വെച്ച് സെയ്ഫ് അലി ഖാന് അക്രമിയുടെ കുത്തേറ്റത്. അക്രമി നേരത്തേ തന്നെ സെയ്ഫിന്റെ വീട്ടിൽ ഒളിച്ചിരുന്നോ എന്നാണ് പൊലീസ് സംശയിക്കുന്നത്. സെയ്ഫിനെ ആറുതവണ കുത്തി ഗുരുതര പരിക്കേൽപിച്ച ശേഷം അക്രമി ഓടിരക്ഷപ്പെടുകയും ചെയ്തു.
അക്രമം നടക്കുമ്പോൾ സെയ്ഫിന്റെ മക്കളായ തൈമൂർ, ജെഹ് എന്നിവരും വീട്ടിലുണ്ടായിരുന്നു. പുലർച്ചെ 3.30നാണ് സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്ന് ആശുപത്രി സി.ഇ.ഒ നിരജ് ഉത്തമാനി പറഞ്ഞു. വീട്ടിനുള്ളിൽ കടന്ന മോഷ്ടാവും സെയ്ഫ് അലി ഖാനും തമ്മിൽ ഏറ്റുമുട്ടലുണ്ടായെന്ന് പൊലീസ് പറഞ്ഞു. ഇതിനിടയിലാണ് മോഷ്ടാവ് കത്തി ഉപയോഗിച്ച് തുടർച്ചയായി കുത്തിയത്.