ശക്തമായ മഴ; ശബരിമല തീർത്ഥാടകർക്ക് കാനനപാതയിൽ നിയന്ത്രണം

 ശക്തമായ മഴ; ശബരിമല തീർത്ഥാടകർക്ക് കാനനപാതയിൽ നിയന്ത്രണം

പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തന്‍മാര്‍ക്ക് കാനന പാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ശബരിമലയില്‍ അതിശക്തമായ മഴ തുടരുന്നതിനാല്‍ മുക്കുഴി കാനനപാത വഴിയും സത്രം, പുല്ലുമേട് വഴിയും ശബരിമലയിലേക്കുള്ള തീര്‍ഥാടകരുടെ യാത്ര നിരോധിച്ചു. കാലാവസ്ഥ അനുകൂലമാകുന്നത് വരെയാണ് നിരോധനം. തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

വനം വകുപ്പാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വനത്തില്‍ ശക്തമായ മഴ തുടര്‍ന്നാല്‍ പമ്പയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. കരിമല വഴിയുള്ള കാനന പാതയില്‍ അഴുതക്കടവ്, മുക്കുഴി എന്നിവിടങ്ങളില്‍ വനപാലകര്‍ തീര്‍ഥാടകരെ തടഞ്ഞ് മടക്കി അയയ്ക്കുകയാണ്. എരുമേലി പേട്ട തുള്ളിയാണ് തീര്‍ഥാടകര്‍ കരിമല വഴിയുള്ള കാനനപാതയിലൂടെ യാത്ര ചെയ്യുന്നത്. കാളകെട്ടി വഴി അഴുതയില്‍ കാല്‍നടയായി എത്തിയ തീര്‍ഥാടകരെ വാഹനത്തില്‍ കണമല, നിലയ്ക്കല്‍ വഴി പമ്പയിലേക്ക് പോകാന്‍ നിര്‍ദേശം നല്‍കി മടക്കുകയാണ്.

എരുമേലിയില്‍നിന്നു പരമ്പരാഗത പാതയിലൂടെ പമ്പയില്‍ എത്താന്‍ 35 കിലോമീറ്റര്‍ ദൂരമുണ്ട്. അഴുതക്കടവിലാണ് പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് തീര്‍ഥാടകര്‍ പ്രവേശിക്കുന്നത്. അഴുതക്കടവ് മുതല്‍ പമ്പ വരെ 18 കിലോമീറ്ററാണ് ദൂരം. കുത്തനെയുള്ള കയറ്റവും ഇറക്കവുമാണ്. മഴ മൂലം മണ്ണിടിച്ചില്‍ സാധ്യതയും ഏറെയാണ്. കഴിഞ്ഞ ദിവസം പുല്ലുമേട് പാതയിലൂടെ എത്തിയ 12 പേര്‍ മഴ കാരണം വഴിയില്‍ കുടുങ്ങിയിരുന്നു. പാതയില്‍ തെന്നി വീണ് ഇക്കൂട്ടത്തിലുള്ള പലര്‍ക്കും പരുക്കേറ്റു. ഇതിന്റെ പശ്ചാത്തലത്തില്‍ വനംവകുപ്പ് കാനനപാതയിലൂടെയുള്ള കാല്‍നട യാത്രയ്ക്ക് നിയന്ത്രണം ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്-ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ പ്രര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അപകടസാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തില്‍ സഹായങ്ങള്‍ക്കായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

പത്തനംതിട്ടയില്‍ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്. എന്നാല്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് അംഗനവാടി, സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് ആണ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )