പാലക്കാട് നടത്തിയത് റൊട്ടീൻ റെയ്ഡ്; കോൺഗ്രസിന് പരാതിയുണ്ടെങ്കിൽ പരിശോധിക്കാമെന്ന് പൊലീസ്

പാലക്കാട് നടത്തിയത് റൊട്ടീൻ റെയ്ഡ്; കോൺഗ്രസിന് പരാതിയുണ്ടെങ്കിൽ പരിശോധിക്കാമെന്ന് പൊലീസ്

പാലക്കാട്: പാലക്കാട് നടത്തിയ റെയ്ഡ്രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലെന്നും റൊട്ടീന്‍ റെയ്ഡ് മാത്രമാണെന്നും എസിപി. എല്ലാ പാര്‍ട്ടിയിലുമുള്ളവരുടെ മുറികള്‍ പരിശോധിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ‘ആരുടെയും പരാതിയില്‍ നിന്നല്ല പരിശോധന വന്നത്. ഇത് റൊട്ടീനായി നടക്കുന്ന പരിശോധനയാണ്. ഈ ഹോട്ടലില്‍ മാത്രമല്ല. സ്റ്റേഷന്‍ പരിധിയിലുള്ള മറ്റ് ലോഡ്ജുകളിലും കഴിഞ്ഞയാഴ്ചകളിലായി പൊലീസ് റെയ്ഡ് നടത്തിയിട്ടുണ്ട്. പണമിടപാട് നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലല്ല പൊലീസ് റെയ്ഡ് നടത്തിയത്. ഇത് റൊട്ടീന്‍ റെയ്ഡ് മാത്രമാണ്. സേര്‍ച്ച് ലിസ്റ്റ് സമര്‍പ്പിച്ചിട്ടുണ്ട്. അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ അതനുസരിച്ച് നടപടി സ്വീകരിക്കാം. 12 മുറികള്‍ മാത്രമാണ് പരിശോധിച്ചത്. അതില്‍ എല്ലാ പാര്‍ട്ടിക്കാരും ഉണ്ട്,’ എസിപി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം രൂക്ഷ വിമര്‍ശനമാണ് പൊലീസിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്നത്. ഹോട്ടല്‍ മുറിയില്‍ പൊലീസ് പരിശോധന നടത്തിയ സംഭവത്തില്‍ പൊലീസ് വ്യാജ രേഖയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ഷാഫി പറമ്പില്‍ ആരോപിച്ചു. പൊലീസ് കള്ളന്മാരേക്കാള്‍ പ്രശ്നമാണെന്നും റിപ്പോര്‍ട്ടില്‍ സമയമുള്‍പ്പെടെ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വനിതകള്‍ താമസിക്കുന്ന മുറിയിലുള്‍പ്പെടെയാണ് പൊലീസ് പരിശോധന നടത്തിയത്. വനിതകള്‍ താമസിക്കുന്ന മുറിയില്‍ കയറാന്‍ പൊലീസിന് എന്ത് അവകാശമാണുള്ളത്. പൊലീസ് ഹോട്ടലില്‍ റെയ്ഡ് നടത്തുമ്പോള്‍ സിപിഐഎം നേതാക്കള്‍ ഹോട്ടലിന് പുറത്ത് ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസ് ഉദ്യോഗസ്ഥര്‍ തുടരെ വാതിലില്‍ മുട്ടിയെന്നും നടന്നത് ശുദ്ധ തെമ്മാടിത്തരമാണെന്നും ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു. പത്തില്‍ ഷാഫിയുണ്ടോ ശ്രീകണ്ഠന്‍ ഉണ്ടോ എന്നൊക്കെയാണ് പൊലീസ് ചോദിച്ചേെതന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വനിത പൊലീസില്ലാതെ മുറിയിലേക്ക് ഉദ്യോഗസ്ഥര്‍ ഇരച്ചുകയറിയെന്ന വാദം ബിന്ദുകൃഷ്ണയും ഉന്നയിച്ചിരുന്നു. 12 മുറികളില്‍ മാത്രമാണ് പരിശോധന നടത്തിയത്. ആകെ 42 മുറികളാണ് ഹോട്ടലിലുള്ളത്. രാഷ്ട്രീയ നേതാക്കള്‍ താമസിക്കുന്ന മുറികളില്‍ മാത്രമാണ് പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പരിശോധനയില്‍ പൊലീസിന് ഒന്നും കണ്ടെത്താനായിട്ടില്ല.അതേസമയം പരിശോധനയില്‍ പൊലീസിന് ഒന്നും കണ്ടെത്താനായിട്ടില്ല. ആദ്യ ഘട്ടത്തില്‍ വനിതാ പൊലീസ് ഇല്ലാതെ വന്ന പൊലീസ് സംഘത്തിന് മടങ്ങിപ്പോകേണ്ടിവന്നു. എന്നാല്‍ പിന്നീട് വനിതാ പൊലീസുമായി വന്ന് ഉദ്യോഗസ്ഥര്‍ പരിശോധന പൂര്‍ത്തിയാക്കുകയായിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )