ആർ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഗാബയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ, ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന നിലയില്‍ ഇത് തന്റെ അവസാന ദിവസമാണെന്ന് അശ്വിന്‍ പറഞ്ഞത്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിന് പിന്നാലെയാണ് അശ്വിന്റെ പ്രഖ്യാപനം. ആര്‍ അശ്വിന്‍ പരമ്പരയുടെ ശേഷിക്കുന്ന സമയങ്ങളില്‍ ടീമിനൊപ്പം തുടരില്ലെന്നും ഡിസംബര്‍ 19 വ്യാഴാഴ്ച ഇന്ത്യയിലേക്ക് മടങ്ങുമെന്നും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ സ്ഥിരീകരിച്ചു.
‘ഇന്ത്യന്‍ ക്രിക്കറ്റെന്ന നിലയില്‍ അന്താരാഷ്ട്ര തലത്തില്‍ കളിയുടെ എല്ലാ ഫോര്‍മാറ്റുകളിലും ഇത് എന്റെ അവസാന ദിവസമായിരിക്കും. ഒരു ക്രിക്കറ്റ് താരത്തില്‍ എന്നില്‍ കുറച്ച് പഞ്ച് അവശേഷിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. ക്ലബ് ലെവല്‍ ക്രിക്കറ്റില്‍ അത് പ്രദര്‍ശിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ഇത് എന്റെ അവസാന ദിവസമായിരിക്കും, രോഹിതിനും എന്റെ മറ്റ് അനേകം ടീമംഗങ്ങള്‍ക്കും ഒപ്പം ഞാന്‍ ഒരുപാട് ഓര്‍മ്മകള്‍ സൃഷ്ടിച്ചു.’ അശ്വിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘തീര്‍ച്ചയായും, നന്ദി പറയാന്‍ ഒരുപാട് പേരുണ്ട്. പക്ഷേ, ഞാന്‍ ബിസിസിഐക്കും എന്റെ മറ്റ് സഹതാരങ്ങള്‍ക്കും നന്ദി പറഞ്ഞില്ലെങ്കില്‍ ഞാന്‍ എന്റെ കടമയില്‍ പരാജയപ്പെടും. അവരില്‍ ചിലരെയും എല്ലാ പരിശീലകരെയും പേരെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രോഹിത്, വിരാട്, അജിങ്ക്യ, പൂജാര എന്നിവര്‍ ആ ക്യാച്ചുകളെല്ലാം സ്ലിപ്പില്‍ എടുത്തത് എന്നെ ആ വിക്കറ്റുകള്‍ നേടാന്‍ സഹായിച്ചു. 106 ടെസ്റ്റുകളില്‍ നിന്ന് 537 വിക്കറ്റുകളാണ് തന്റെ കരിയറില്‍ അശ്വിന്‍ നേടിയത്. 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നു അശ്വിന്‍.
വര്‍ഷങ്ങളായി കടുത്ത മത്സരാര്‍ത്ഥികളായ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് അശ്വിന്‍ നന്ദി പറഞ്ഞു. ‘ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് വലിയ നന്ദി. അവര്‍ വളരെ കടുത്ത മത്സരാര്‍ത്ഥികളായിരുന്നു. അവരോടൊപ്പം കളിക്കുന്നത് ഞാന്‍ ആസ്വദിച്ചു. ‘ഞാന്‍ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയുന്നില്ല, പക്ഷേ തീര്‍ച്ചയായും ഇത് വളരെ വൈകാരിക നിമിഷമാണ്.’ അശ്വിന്‍ പറഞ്ഞു. ബുധനാഴ്ച മഴ തടസ്സപ്പെട്ടപ്പോള്‍ ഗാബയിലെ ഡ്രസ്സിംഗ് റൂമില്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ കെട്ടിപ്പിടിക്കുന്നത് കണ്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ വിരമിക്കലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പരന്നിരുന്നു. അശ്വിനും കോഹ്ലിയും ഡ്രസ്സിംഗ് റൂമില്‍ തീവ്രമായ സംഭാഷണം നടത്തിയത് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ക്ക് കാരണമായി