പ്രിയങ്ക വരുന്നു, വയനാട്ടില്‍ ഏഴ് ദിവസം പര്യടനം; 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

പ്രിയങ്ക വരുന്നു, വയനാട്ടില്‍ ഏഴ് ദിവസം പര്യടനം; 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

കോണ്‍ഗ്രസ് വയനാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മുന്‍ എംപിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്ക്കൊപ്പമുണ്ടാകും. തുടര്‍ന്ന് വയനാട്ടില്‍ റോഡ് ഷോയുണ്ടായിരിക്കും. ഏഴ് ദിവസമായിരിക്കും വയനാട്ടില്‍ പ്രിയങ്കയുടെ പര്യടനമുണ്ടായിരിക്കുക. എല്ലാ പഞ്ചായത്തുകളിലും യോഗങ്ങള്‍ നടത്തും. യുഡിഎഫ് നേതൃയോഗത്തില്‍ പ്രാഥമിക പ്ലാന്‍ തയാറായിട്ടുണ്ട്. അതേസമയം പാലക്കാട് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസും പ്രചരണങ്ങള്‍ ആരംഭിച്ചു.

വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ദേശീയ കൗണ്‍സിലംഗം സത്യന്‍ മൊകേരിയെ സിപിഐ പ്രഖ്യാപിച്ചു. പ്രചരണത്തിന്റെ ഭാഗമായി സത്യന്‍ മൊകേരി നാളെ മണ്ഡലത്തിലെത്തും. മറ്റ് രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രഖ്യാപിക്കും. പാലക്കാട് കോണ്‍ഗ്രസ് മുന്‍ ഡിജിറ്റല്‍ സെല്‍ അധ്യക്ഷന്‍ സരിന്‍ പിക്കും ചേലക്കരയില്‍ പി ആര്‍ പ്രദീപിനുമാണ് സാധ്യത കൂടുതല്‍.

ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ഇന്നുണ്ടാകുമെന്നാണ് സൂചന. നടി ഖുശ്ബു, ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്‍, മഹിള മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി നവ്യ ഹരിദാസ് എന്നിവരാണ് വയനാട്ടിലെ സാധ്യത പട്ടികയിലുള്ളത്. പാലക്കാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും സി കൃഷ്ണകുമാറിന്റെയും പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ചേലക്കരയില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായ ഡോ ടി എന്‍ സരസുവിന്റെ പേരാണ് കേള്‍ക്കുന്നത്. അടുത്ത മാസം 13നാണ് മൂന്ന് മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ 23ന്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )