ഔദ്യോഗിക ചടങ്ങുകളില്‍ ടി ഷര്‍ട്ടും ജീന്‍സും; ഉദയനിധി സ്റ്റാലിനെതിരെ ഹര്‍ജി

ഔദ്യോഗിക ചടങ്ങുകളില്‍ ടി ഷര്‍ട്ടും ജീന്‍സും; ഉദയനിധി സ്റ്റാലിനെതിരെ ഹര്‍ജി

തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ഔദ്യോഗിക ചടങ്ങുകളില്‍ ടി ഷര്‍ട്ടും ജീന്‍സും ധരിച്ച് എത്തുന്നതിനെ ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസമാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. ഷര്‍ട്ടും പാന്റ്‌സും അല്ലെങ്കില്‍ മുണ്ടും ധരിക്കാന്‍ മന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിക്കാരനായ അഭിഭാഷകന്‍ എം. സത്യകുമാറിന്റെ ആവശ്യം.

2021 ല്‍ ഗുജറാത്ത് നിയമസഭയിലെ സോമനാഥ് മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ വിമല്‍ ചുഡുസമ ജീന്‍സിന്റെ പേരില്‍ ആരോപണവിധേയനായിട്ടുണ്ട്. സഭയുടെ നിലവാരത്തിന് ചേരുന്ന വസ്ത്രമല്ലെന്ന പേരിലാണ് അന്നത്തെ ഗുജറാത്ത് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി ചുഢുസമയെ നിയമസഭയില്‍ നിന്ന് ഇറക്കിവിട്ടത്. സഭയില്‍ ധരിക്കേണ്ട വസ്ത്രത്തിനെ പറ്റി നിയമങ്ങളില്ലെന്ന കോണ്‍ഗ്രസ് വാദിച്ചെങ്കിലും സ്പീക്കര്‍ നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു.

എം.എല്‍.എമാര്‍ ഷര്‍ട്ടോ കുര്‍ത്തയോ ധരിക്കണമെന്ന് അഭിപ്രായക്കാരനായിരുന്നു ത്രിവേദി. വോട്ട് തേടാന്‍ പോയപ്പോള്‍ ധരിച്ച തന്റെ ടി-ഷര്‍ട്ട് സ്റ്റൈല്‍ സഭയില്‍ ധരിക്കരുതെന്നുളള സ്പീക്കറുടെ ഉത്തരവ് തന്റെ വോട്ടര്‍മാരെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നായിരുന്നു അന്ന് ചുഡുസമയുടെ വാദം. മഹാത്മാ ഗാന്ധി ധരിച്ച വസ്ത്രത്തിനും അംബേദ്കര്‍ തിരഞ്ഞെടുത്ത കോട്ടിനും സൂട്ടിനും രാഷ്ടീയമുണ്ടെന്ന് പറയുന്നതുപോലെ ‘വൈറ്റ് ടീ ഷര്‍ട്ട്’ ട്രെന്‍ഡ് ആക്കി മാറ്റിയതില്‍ കോണ്‍ഗ്രസ് നേതാവ് രാഹുലിനും പങ്കുണ്ട്. രാഹുലിന്റെ വെള്ള ടീ ഷര്‍ട്ടിനെ കുറിച്ച് സ്മൃതി ഇറാനിക്ക് പോലും അനുകൂലിച്ച് സംസാരിക്കേണ്ടി വന്നിട്ടുണ്ട്. തന്റെ 54-ാം പിറന്നാള്‍ ദിനമായിരുന്ന ജൂണ്‍ 19-ന് രാഹുല്‍ വൈറ്റ് ടി ഷര്‍ട്ട് കാമ്പെയിനും തുടങ്ങിയിരുന്നു.

പ്ലെയിന്‍ വൈറ്റ് ടി ഷര്‍ട്ടിന്റെ ഇടതുഭാഗത്തായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തി ആലേഖനം ചെയ്തിരുന്നു. രാഹുല്‍ ജനങ്ങളിലേക്ക് എത്തിപ്പെടാന്‍ തിരഞ്ഞെടുത്ത വസ്ത്രധാരണമുള്‍പ്പടെയുള്ള പ്രകടമായ മാറ്റങ്ങള്‍ വിജയംകണ്ടുവെന്നാണ് ഒരു അഭിമുഖത്തിനിടെ മുന്‍ ടെക്സ്റ്റൈൽസ് മന്ത്രി കൂടിയായ സ്മൃതി ഇറാനി പറഞ്ഞത്. പാര്‍ലമെന്റിലുള്‍പ്പടെ വെള്ള ടി ഷര്‍ട്ട് യുവാക്കള്‍ക്കിടിയില്‍ ഉണ്ടാക്കുന്ന ഇംപാക്ട് എന്താണെന്ന് രാഹുലിനെറിയാം എന്നായിരുന്നു ഇറാനിയുടെ അഭിപ്രായം.

ടി ഷര്‍ട്ടും ജീന്‍സും ധരിച്ച് ഉദയനിധി സ്റ്റാലിന്‍ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുന്നതിനെതിരേ പ്രതിപക്ഷത്തുനിന്ന് വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തിലാണ് സത്യകുമാർ ഹര്‍ജി സമര്‍പ്പിച്ചത്. ഔപചാരികവേഷം എന്തായിരിക്കണമെന്ന് തമിഴ്‌നാട് സെക്രട്ടേറിയറ്റ് മാന്വലില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഉദയനിധിയുടെ വസ്ത്രം അതിന് വിരുദ്ധമാണെന്നും ഹര്‍ജിയലുള്ള വിശദീകരണം.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )