‘ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചന’; ഹര്‍ജി നല്‍കിയത് ധര്‍മസങ്കടത്തിലായപ്പോഴെന്ന് ‌നടി മാലാ പാർവതി

‘ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചന’; ഹര്‍ജി നല്‍കിയത് ധര്‍മസങ്കടത്തിലായപ്പോഴെന്ന് ‌നടി മാലാ പാർവതി

ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്ന് നടി മാലാ പാര്‍വതി. മൊഴിയുടെ പേരില്‍ കേസ് എടുക്കുന്നത് ശരിയല്ല. പ്രത്യേക അന്വേഷണസംഘം സിനിമാപ്രവര്‍ത്തകരെ ശല്യം ചെയ്യുകയാണെന്നും ഇനി കേസിന് ഇല്ലെന്ന് വ്യക്തമാക്കിയതാണെന്നും മാല പാര്‍വതി പറഞ്ഞു. സിനിമയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ നിയമനിര്‍മാണമായിരുന്നു ലക്ഷ്യമെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു. ഹേമ കമ്മിറ്റി മൊഴികളില്‍ പൊലീസ് എടുക്കുന്ന തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടി മാലാ പാര്‍വതി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി സുപ്രീംകോടതി ഡിസംബര്‍ 10 ന് പരിഗണിക്കും. വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യൂസിസി മാലാപാര്‍വതിയുടെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

രഹസ്യസ്വഭാവം സൂക്ഷിക്കുമെന്നായിരുന്നു ഹേമ കമ്മിറ്റി അന്ന് പറഞ്ഞത്. എന്നാല്‍ താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം എഫ്ഐആര്‍ ആയിരിക്കുകയാണെന്നും മാലാ പാര്‍വതി പറഞ്ഞു. കേസിന് താല്‍പര്യമില്ലെന്ന് അന്നേ പറഞ്ഞതാണ്. ചലചിത്ര മേഖലയിലെ തൊഴില്‍ സാഹചര്യം സംബന്ധിച്ച് പഠനം എന്ന നിലയ്ക്കാണ് അന്ന് മൊഴി നല്‍കിയത്. അത് കേസ് ആവില്ലെന്നാണ് അന്ന് പറഞ്ഞതെന്നും മാലാ പാര്‍വതി മാധ്യമങ്ങളോട് പറഞ്ഞു.

ഭാവിയില്‍ അതിക്രമങ്ങളുണ്ടാകരുതെന്ന താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധമില്ലാത്തവരെ പോലും എസ്‌ഐടി ബുദ്ധിമുട്ടിക്കുന്നു. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിട്ടും തുടര്‍നടപടിയെടുത്തില്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ നടി വ്യക്തമാക്കിയിരുന്നു. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെയാണ് നടി സുപ്രീംകോടതിയെ സമീപിച്ചത്. താന്‍ ഹേമ കമ്മറ്റിയോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ്ഐടി സ്വീകരിക്കുന്ന തുടര്‍നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് നടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നതിന് വേണ്ടി മാത്രമാണ് താന്‍ ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത്, അല്ലാതെ ക്രിമിനല്‍ കേസിന് വേണ്ടി അല്ല- ഹര്‍ജിയില്‍ പറയുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )