പാലക്കാട് വിധിയെഴുതുന്നു; പോളിങ് 60 ശതമാനം കടന്നു
ആവേശവും ട്വിസ്റ്റുകളും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ പാലക്കാട് വിധിയെഴുതുന്നു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറ് മണി വരെ നീളും. രാഹുൽ മാങ്കൂട്ടത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. പി. സരിനാണ് എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരരംഗത്തുള്ളത്. എന്‍.ഡി.എ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറാണ്.
ഷാഫി പറമ്പിൽ നേടിയ മണ്ഡലം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ. അതേസമയം അപ്രതീക്ഷിത നീക്കത്തിലൂടെ കോൺഗ്രസ് വിട്ട പി സരിന് ഇടതുമുന്നണിയെ മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നിലെത്തിക്കണമെന്ന ചുമതലയാണ്. മെട്രോമാൻ ഇ ശ്രീധരനിലൂടെ നേരത്തെ നടത്തിയ മുന്നേറ്റം തുടരാനും കൃഷ്ണകുമാറിലൂടെ മണ്ഡലം പിടിക്കാനും ബിജെപി ലക്ഷ്യമിടുന്നു.
ഇന്ന് 1,94,706 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ആണ്. 229 പ്രവാസി വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക പരിഗണ നല്‍കിയാണ് ഉപതെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിന് വരി നില്‍ക്കേണ്ട ആവശ്യമില്ല. അതുപോലെ ഭിന്നശേഷി സൗഹൃദം ഉറപ്പു വരുത്തുന്നതിനായി മണ്ഡലത്തിലെ 184 ബൂത്തുകളും താഴത്തെ നിലയിലാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ബൂത്തുകളിലും റാംപ് സൗകര്യം, ചലന വൈകല്യമുള്ളവര്‍ക്ക് വീല്‍ ചെയര്‍, കാഴ്ച പരിമിതി ഉള്ളവരെ സഹായിക്കുന്നതിനായി സഹായികള്‍, കുടിവെള്ളം, വോട്ടിങ് മെഷീനില്‍ ബ്രെയിന്‍ ലിപി എന്നിവ ഒരുക്കിയിട്ടുണ്ട്.