‘ഹനീഷ് ഭാര്യയുടെ മുന്നില്‍വെച്ച് മര്‍ദ്ദിച്ചു, കുടുംബം തകര്‍ത്തതിലുള്ള വൈരാഗ്യം കൊലയ്ക്ക് പ്രേരണ; മകളെ നോക്കാന്‍ പറയണം’; പത്മരാജന്‍
കൊല്ലം: ഭാര്യയെ നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പത്മരാജന്റെ മൊഴി പുറത്ത്. ഭാര്യ അനിലയുടെ സുഹൃത്ത് ഹനീഷ് തന്നെ മര്‍ദ്ദിച്ചിട്ടുണ്ടെന്നും ഭാര്യക്ക് മുന്നില്‍ വെച്ചായിരുന്നു മര്‍ദ്ദനമെന്നും പത്മകുമാര്‍ പൊലീസിന് മൊഴി നല്‍കി. ഹനീഷ് ഇടയ്ക്കിടെ ബേക്കറിയില്‍ വരുന്നത് താന്‍ ചോദ്യം ചെയ്തിരുന്നു. സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ഹനീഷുമായി വഴക്കുണ്ടായി. അതിനിടെ ഭാര്യയുടെ മുന്നില്‍വെച്ച് തന്നെ മര്‍ദ്ദിച്ചു. കുടുംബം തകര്‍ത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പത്മരാജന്‍ മൊഴി നല്‍കി. ബേക്കറി ബിസിനസിലെ പങ്കാളിയാണ് ഹനീഷ്
ചൊവ്വാഴ്ച്ച രാത്രിയായിരുന്നു അനിലയെ പത്മകുമാര്‍ തീകൊളുത്തി കൊന്നത്. മറ്റൊരു സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കവെ വാഹനം നിര്‍ത്തിച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ലക്ഷ്യം ഹനീഷ് ആയിരുന്നെങ്കിലും അനിലയ്ക്കൊപ്പം കാറിലുണ്ടായിരുന്നത് ബേക്കറിയിലെ മറ്റൊരു ജീവനക്കാരനായിരുന്നു. ബിസിനസ് പങ്കാളിത്തം അവസാനിപ്പിച്ച് പണം തിരികെ തല്‍കാമെന്ന് പറഞ്ഞിട്ടും ഹനീഷ് തുടര്‍ച്ചയായി ബേക്കറിയില്‍ വന്നതും പത്മരാജനെ പ്രകോപിപ്പിച്ചിരുന്നതായാണ് പത്മരാജന്റെ മൊഴി. തന്റെ മകളെ സഹോദരങ്ങളോട് നോക്കാന്‍ പറയണമെന്നും പ്രതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്.
കൊല്ലത്ത് ‘നിള’ എന്ന പേരിലാണ് അനില ബേക്കറി നടത്തിയത്. ഹനീഷിന്റെ പേരില്‍ അനിലയും പത്മരാജനും തമ്മില്‍ നേരത്തെ മുതല്‍ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കങ്ങള്‍ പതിവായതോടെ കൊല്ലത്ത് വാടക വീടെടുത്ത് അനില താമസിച്ചിരുന്നു. പിന്നീട് വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസം ഹനീഷിനെ അനില കാറില്‍ കൊണ്ടുപോകുന്നത് കണ്ടതോടെയാണ് പത്മരാജന്‍ പ്രകോപിതനായത്. ഇരുവരെയും കൊലപ്പെടുത്തണം എന്നതായിരുന്നു പത്മരാജന്റെ അടുത്ത ലക്ഷ്യം. ഇതിനായി തഴുത്തല പെട്രോള്‍ പമ്പില്‍ നിന്നും 300 രൂപയ്ക്ക് ബക്കറ്റില്‍ പെട്രോള്‍ വാങ്ങി. ബേക്കറി മുതല്‍ അനിലയെ പിന്തുടര്‍ന്നു. ആ സമയത്ത് അനിലയ്‌ക്കൊപ്പം ബേക്കറിയിലെ ജീവനക്കാരനായ സോണിയും ഉണ്ടായിരുന്നു. എന്നാല്‍ ഹനീഷ് ആണെന്ന് തെറ്റിദ്ധരിച്ച പത്മരാജന്‍ പിന്തുടര്‍ന്നെത്തുകയായിരുന്നു. കാര്‍ തുറക്കാന്‍ പറ്റാത്ത വിധം പത്മരാജന്‍ അയാള്‍ സഞ്ചരിച്ച ഒമ്‌നി കാര്‍ അനിലയുടെ കാറിനോട് ചേര്‍ത്തുനിര്‍ത്തി. അനില വിന്‍ഡോ താഴ്ത്തിയയുടനെ പത്മരാജന്‍ പെട്രോള്‍ അനിലയുടെ കാറിലേക്ക് ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു.
സെക്കന്റുകള്‍ക്കുള്ളിലായിരുന്നു നാടകീയ സംഭവങ്ങള്‍ കൊല്ലം നഗരത്തില്‍ അരങ്ങേറിയത്. തീ പടര്‍ന്നുപിടിച്ചതോടെ സോണി വാഹനത്തില്‍ നിന്നും ഇറങ്ങി ഓടിരക്ഷപ്പെട്ടു. സീറ്റ് ബെല്‍റ്റ് ധരിച്ചതിനാല്‍ അനിലയ്ക്ക് രക്ഷപ്പടാനായില്ല. പതിനാലു വയസുള്ള മകളാണ് ദമ്പതികള്‍ക്കുള്ളത്.