റീറിലീസിനെരുങ്ങി ‘ഒരു വടക്കൻ വീരഗാഥ’; മലയാള സിനിമയ്ക്ക് നേട്ടങ്ങൾ ഉണ്ടാക്കിയ ചിത്രമെന്ന് മമ്മൂട്ടി
റീറിലീസിനെരുങ്ങി ’ഒരു വടക്കൻ വീരഗാഥ’. മലയാള സിനിമയ്ക്കും വ്യക്തിപരമായി തനിക്കും ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കി തന്ന സിനിമയാണ് ഒരു വടക്കൻ വീരഗാഥയെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ വ്യക്തമാക്കി. 4 കെ ദൃശ്യമിഴിവോടെയാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്.
നേരത്തെ കണ്ടവർക്ക് വീണ്ടുമൊരിക്കൽ കൂടി കാണാനും പുതിയ കാഴ്ച്ചക്കാർക്ക് പുതിയ കാഴ്ച,ശബ്ദ മിഴിവോടുകൂടി കാണാനും ചിത്രം ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ഒരുക്കിയിരിക്കുകയാണെന്നും ടീസർ ഇന്ന് പുറത്തുവിടുമെന്നും മമ്മൂട്ടി വ്യക്തമാക്കി.
35 വർഷങ്ങൾക്ക് ശേഷമാണ് ‘ഒരു വടക്കൻ വീരഗാഥ’ വീണ്ടും റിലീസ് ചെയ്യുന്നത്. എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രത്തിൽ ചന്തുവായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. മാധവിയായിരുന്നു ചിത്രത്തിൽ ഉണ്ണിയാർച്ചയായി എത്തിയത്.
വടക്കൻ വീരഗാഥ 4 കെ അറ്റ്‌മോസിൽ റിലീസ് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച വ്യക്തിയാണ് പിവിജിയെന്നും(പിവി ഗംഗാധരൻ) തങ്ങൾ തമ്മിൽ ഇതിനെ കുറിച്ച് ഒരുപാട് സംസാരിച്ചിട്ടുണ്ടെന്നും മമ്മൂട്ടി വിഡിയോയിൽ പറഞ്ഞു. അന്ന് എന്തുകൊണ്ടോ അത് നടക്കാതെ പോയി. ഇന്ന് അദ്ദേഹത്തിന്റെ മക്കൾ ആ സ്വപ്‌നം സാക്ഷാത്കരിക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു.